റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രധാനമന്ത്രിയെ നിയമിച്ചു. ഫാത്തിമ അസ്ഹറ മസൂരിയെയാണ് രാജാവ് മുഹമ്മദ് ആറാമന്‍ നിയമിച്ചത്. അറബി ലോകത്ത് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് അമ്പതുകാരിയായ അസ്ഹറ.

പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ രാജാവ് ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2021 മുതല്‍ 2023 വരെ ടുണീഷ്യയില്‍ പ്രധാനമന്ത്രിയായിരുന്ന നജ്ല ബൂഡനാണ് ഈ പദവിയിലെത്തിയ ആദ്യ അറബ് വനിത. തന്റെ നിയമനം രാജ്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായക അധ്യായമാണെന്ന് അവര്‍ പ്രതികരിച്ചു.

‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത സര്‍ക്കാരിനെ നയിക്കുന്നത്. ഇത് എനിക്ക് മാത്രമല്ല, മൊറോക്കോയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും അഭിമാന നിമിഷമാണ്,’ അവര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 395-ല്‍ 97 സീറ്റുകള്‍ നേടി അസ്ഹറയുടെ ഒതെന്റിസിറ്റി ആന്‍സ് മോഡേണിറ്റി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 198 സീറ്റുകള്‍ വേണമെന്നിരിക്കെ, മറ്റ് പാര്‍ട്ടികളെ ഏകോപിപ്പിച്ച് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രധാന ദൗത്യം.

ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (PJD) ഉള്‍പ്പെടെയുള്ള കക്ഷികള്‍ പ്രതിപക്ഷത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 2030ല്‍ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യ വികസനവും ശതകോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളും നടപ്പിലാക്കേണ്ടത് പുതിയ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും.

നിയമ ബിരുദധാരിയായ അസ്ഹറ 2009-ല്‍ മര്‍റാകേഷിന്റെ ആദ്യ വനിതാ മേയറായാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2021 മുതല്‍ നഗരാസൂത്രണ, ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

 

Content Highlight: Fathima Azhara makes history in Morocco; King appoints her as the country’s first female Prime Minister.