കര്‍ഷക സമരം 50-ാം ദിവസത്തിലേക്ക്; പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങളുടെ കോപ്പികള്‍ കത്തിച്ച് കര്‍ഷകര്‍
farmers protest
കര്‍ഷക സമരം 50-ാം ദിവസത്തിലേക്ക്; പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങളുടെ കോപ്പികള്‍ കത്തിച്ച് കര്‍ഷകര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 7:04 pm

അമൃത്സര്‍: ലോഹ്‌രി ആഘോഷങ്ങള്‍ക്കിടെ കര്‍ഷക ബില്ലുകളുടെ കോപ്പികള്‍ പരസ്യമായി കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പത് ദിവസം പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം.

വസന്തത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പഞ്ചാബില്‍ നടത്തുന്ന പ്രധാന ആഘോഷമാണ് ലോഹ്‌രി. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ കോപ്പികള്‍ കര്‍ഷകര്‍ കത്തിച്ചത്.

ചൊവ്വാഴ്ചയാണ് സുപ്രീംകോടതി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കും സ്റ്റേ ഏര്‍പ്പെടുത്തിയത്. കര്‍ഷകരുടെ നിലപാടറിയാന്‍ നാലംഗ സമിതിയേയും രൂപീകരിച്ചിട്ടുണ്ട്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിലപാട് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers Of Punjab Burn Farm laws