കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ കറുപ്പ് ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് സൂര്യയുടെ ആരാധകര്‍. ഇന്ന് റിലീസാകേണ്ട ചിത്രത്തിന്റെ ഒരു ഷോ പോലും എവിടെയും നടന്നിട്ടില്ല. നിര്‍മാതാവിന്റെ സാമ്പത്തിക ബാധ്യതകള്‍ കാരണം എല്ലാ തിയേറ്ററുകളിലും ഷോ ക്യാന്‍സലാവുകയായിരുന്നു. ആര്‍പ്പും ആരവവുമായെത്തിയ ആരാധകരെല്ലാം ഒരുപോലെ നിരാശരാകുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉടനീളം.
നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ഉടമ എസ്.ആര്‍. പ്രഭുവിനെ അങ്ങേയറ്റം അധിക്ഷേപിച്ചുകൊണ്ടാണ് ആരാധകര്‍ തങ്ങളുടെ നിരാശ തീര്‍ക്കുന്നത്. പറഞ്ഞ സമയത്ത് സിനിമ റിലീസ് ചെയ്യാതെ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ നിരാശരാക്കുന്നത് ഡ്രീം വാരിയേഴ്‌സിന്റെ സ്ഥിരം പരിപാടിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഡ്രീം വാരിയറിനൊപ്പം തമിഴിലെ മറ്റൊരു പ്രൊഡക്ഷന്‍ ഹൗസായ സ്റ്റുഡിയോ ഗ്രീനെയും ആരാധകര്‍ വെറുതെ വിടുന്നില്ല. രണ്ട് നിര്‍മാതാക്കളും സൂര്യയുടെ അടുത്ത ബന്ധുക്കളാണ്. കരിയറില്‍ ഒന്നോ രണ്ടോ സിനിമ മാറ്റിനിര്‍ത്തിയാല്‍ ഈ രണ്ട് പ്രൊഡക്ഷന്‍ ഹൗസുമായി ഒന്നിച്ചപ്പോഴെല്ലാം സൂര്യ പച്ച തൊട്ടിട്ടില്ല. സമയത്തിന് അപ്‌ഡേറ്റ് പുറത്തുവിടാതെ ഓഫ് സീസണില്‍ റിലീസ് ചെയ്യുന്നത് സൂര്യയുടെ സ്റ്റാര്‍ഡം ഇടിയുന്നതില്‍ വലിയ പങ്കുവ വഹിച്ചിട്ടുണ്ട്.
എത്ര മോശം സിനിമയാണെങ്കിലും ഫെസ്റ്റിവല്‍ റിലീസാണെങ്കില്‍ തമിഴ്‌നാട്ടില്‍ അത്യാവശ്യം നല്ല കളക്ഷന്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഡ്രീം വാരിയറും സ്റ്റുഡിയോ ഗ്രീനും കാരണം സൂര്യക്ക് അതും ലഭിച്ചിട്ടില്ല. കുടുംബക്കാരുമായി സിനിമ ചെയ്യുന്നത് നിര്‍ത്താതെ ബോക്‌സ് ഓഫീസില്‍ തിരിച്ചുവരുന്ന കാര്യം സ്വപ്‌നം കാണേണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
അന്‍പാന ഫാന്‍സ് എന്ന് ആരാധകരെ സ്‌നേഹത്തോടെ വിളിക്കുന്നത് മാത്രമേയുള്ളൂവെന്നും അവരെ സന്തോഷിപ്പിക്കാന്‍ സൂര്യ ഒന്നും ചെയ്യാറില്ലെന്നും കമന്റുകളുണ്ട്. ഈ രണ്ട് പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് മാറി ചെയ്ത റെട്രോ കൃത്യസമയത്ത് അപ്‌ഡേറ്റും പറഞ്ഞ സമയത്ത് റിലീസും നടത്തിയെന്നും ചിലര് ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിജയ് സിനിമാജീവിതം നിര്‍ത്തുകയും അജിത് റേസിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തതോടെ തമിഴ് സിനിമയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സൂര്യക്ക് വലിയ അവസരമാണുള്ളത്. എന്നാല്‍ ഇത്തരത്തില്‍ അനിശ്ചിതത്വം നിറഞ്ഞ പ്രൊജക്ടുകള്‍ ചെയ്ത് താരം തന്റെ അവസരം കളഞ്ഞുകുളിക്കുകയാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.
അതേസമയം നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന് 60 കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യതകളാണുള്ളത്. ഇതെല്ലാം സൂര്യ തന്റെ കൈയില്‍ നിന്ന് വീട്ടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം നാളെ റിലീസ് ചെയ്യാനുള്ള പരിശ്രമത്തിലാണ് സൂര്യയും സംവിധായകന്‍ ആര്‍.ജെ ബാലാജിയും.
Content Highlight: Fans blaming Producer S R Prabhu for the delay of Karuppu movie