ആലപ്പുഴ: നൂറനാടില്‍ സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ട സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് അന്വേഷണ റിപ്പോര്‍ട്ട്. നൂറനാട് എസ്.ഐയെയും സഹപ്രവര്‍ത്തകരേയും ന്യായീകരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട്.

പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടെന്ന് ആരോപിച്ച് കോട്ടയം സ്വദേശികളായ സഹോദരങ്ങളാണ് കോടതിയെ സമീപിച്ചിരുന്നത്. ഷാന്‍മോന്‍, സജിന്‍ റജീബ് എന്നിവരാണ് നൂറനാട് എസ്.ഐ വി.ആര്‍. അരുണടക്കമുള്ള നാല് പൊലീസുകാര്‍ക്കെതിരെ കോടതിയെ സമീപിച്ചത്.

പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തിയ നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി ആലപ്പുഴ എസ്.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യു.കെ ഡക്കര്‍ എന്ന പേരില്‍ സഹോദരങ്ങള്‍ ഒരു ഫര്‍ണിച്ചര്‍ കട നടത്തിയിരുന്നു. ഇവരുടെ കടയില്‍ നിന്ന് അബ്ദുറഹ്മാന്‍ എന്നയാള്‍ ഫര്‍ണിച്ചര്‍ വാങ്ങുകയും എന്നാല്‍ പത്ത് ദിവസത്തിന് ശേഷം ഫര്‍ണ്ണിച്ചര്‍ തിരിച്ചെടുത്ത് പണം തിരിച്ച് നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് സഹോദരങ്ങള്‍ വിസമ്മതിച്ചതോടെ ഇയാള്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു ലക്ഷത്തി മൂവായിരം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇയാള്‍ പരാതി നല്‍കിയിരുന്നത്.

എന്നാല്‍, 45,000 രൂപ മാത്രമാണ് ഫര്‍ണിച്ചറിന്റെ വിലയെന്നും അത് മാത്രമേ തിരികെ നല്‍കാന്‍ കഴിയൂവെന്നും ഷാമോന്‍ എസ്.ഐ എരുണിനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടയില്‍ എസ്.ഐ ഇവരെ മര്‍ദിക്കുകയായിരുന്നു.

ഷാന്‍മോനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യം സഹോദരന്‍ സജിന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ എസ്.ഐ ഫോണ്‍ വാങ്ങി പോക്കറ്റിലിട്ടിരുന്നെങ്കിലും ഫോണ്‍ ഓഫ് ആയിരുന്നില്ല. സ്റ്റേഷനില്‍ നടന്ന സംഭാഷണമെല്ലാം ഫോണില്‍ റെക്കോഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു.

കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തല്‍, എസ്.ഐയെ കയ്യേറ്റം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സഹോദരങ്ങളെ ജയിലിലാക്കിയില്ലെങ്കില്‍ പെട്ടുപോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥര്‍ എസ്.ഐയെ ഉപദേശിക്കുന്ന സംഭാഷണങ്ങളും ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്.

എന്നാല്‍, സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചുവെന്ന് പരാതിക്കാര്‍ മജിസ്ട്രേറ്റിനോട് പറഞ്ഞിട്ടില്ലെന്നും പരാതിക്കാരുടെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ഗൂഡാലോചന നടത്തുന്നതിന്റെയും പൊലീസ് മര്‍ദനത്തിന്റേയും ദൃശ്യങ്ങള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: False case against Nooranad brothers; Investigation report justifying the police