എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു;  സമരം വിജയിച്ചു
Daily News
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; സമരം വിജയിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 4th February 2016, 7:35 am

endo

തിരുവനന്തപുരം:  തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന പട്ടിണി സമരം വിജയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സമരക്കാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ അംഗീകരിച്ചത്. ദുരിതബാധിതരുടെ പട്ടികയിലേക്ക് പുതുതായി 610 പേരെ കൂടി ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും. ഇതിനായി പണം നല്‍കുന്ന നടപടികള്‍ ഫെബ്രുവരി 8ന് പൂര്‍ത്തിയാക്കും. ദുരിതബാധിതരെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിക്കും. ആദ്യം പുറത്തിറക്കിയ ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം വര്‍ധിപ്പിച്ച് 3 ലക്ഷംരൂപ വരെ ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. കാസര്‍കോഡ് ജില്ലയിലുള്ള ദുരിതബാധിതര്‍ക്കായി ഈ മാസം അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ്. സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും സമര സമിതി പറഞ്ഞു. സമരം ആരംഭിച്ച് ഒന്‍പതാം ദിവസമാണ് ഒത്തു തീര്‍പ്പാകുന്നത്. ജനുവരി 29ന് ക്ലിഫ്ഹൗസില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

ദുരിതബാധിതര്‍ 2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ കഞ്ഞിവയ്പ് സമരം നടത്തിയിരുന്നു ഇതേ തുടര്‍ന്ന് മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അന്ന് ഉത്തരവിറക്കിയതാണ്. പക്ഷെ രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിക്കാന്‍ കാരണം.

കാസര്‍കോഡ് ജില്ലയില്‍ 11 പഞ്ചായത്തുകളില്‍ നിന്നായി 108 ദുരിതബാധിതരാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയത്. മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം എത്രയും വേഗം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, പതിനൊന്ന് പഞ്ചായത്തുകള്‍ക്കു പുറത്തു നിന്നുള്ള ദുരിതബാധിതരേയും ലിസ്റ്റില്‍ പെടുത്തുക, ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.

വി.എസ് അച്യുതാനന്ദന്‍ ചെയര്‍മാനും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വൈസ് ചെയര്‍മാനുമായാണ് സമരസമിതി രൂപീകരിച്ചിരുന്നത്.

പട്ടിണി സമരത്തെ അനുകൂലിച്ച് കേരളത്തിലുടനീളം പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് ഇന്ന് വിവിധ ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഉപവാസ സമരവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ സമരത്തോട് ജോലി ചെയ്ത് കൊണ്ട് പട്ടിണി കിടന്നാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.