ഡുറന്റ് കപ്പിലെ രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് വമ്പന്‍ വിജയം. കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്സിനെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തത്. ഡുറന്റ് കപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് ഈസ്റ്റ് ബംഗാള്‍ രേഖപ്പെടുത്തിയത്.
1971ല്‍ ബി.ബി സ്റ്റാര്‍സിനെ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് ഈസ്റ്റ് ബംഗാളിന്റെ ഡുറന്റ് കപ്പിലെ ഏറ്റവും വലിയ വിജയം. 1961ല്‍ പാള്‍ വാണ്ടറേഴ്സിനെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കും ഈസ്റ്റ് ബംഗാള്‍ തകര്‍ത്തിരുന്നു.
നീണ്ട 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ടൂര്‍ണമെന്റില്‍ എട്ട് ഗോളുകളുടെ റെക്കോഡ് വിജയം കൈപ്പിടിയിലാക്കുന്നതെന്നതും ശ്രദ്ധേയമാണ്.
𝐅𝐓 | East Bengal FC secure a dominant victory over CISF Protectors in the Durand Cup 2026! 🔴🟡🔥
മലയാളി താരങ്ങളായ വിഷ്ണുവിന്റെയും ജെസിന്‍ ടി.കെയുടെയും മിന്നും പ്രകടങ്ങളുടെ കരുത്തിലാണ് ഈസ്റ്റ് ബംഗാള്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. വിഷ്ണു ഹാട്രിക് നേടി തിളങ്ങിയപ്പോള്‍ ജെസിന്‍ ഇരട്ട ഗോളുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
മത്സരത്തിന്റെ 38, 46, 76 മിനിട്ടുകളിലാണ് വിഷ്ണുവിന്റെ ഗോളുകള്‍ പിറന്നത്. 70, 73 മിനിട്ടുകളിലായിരുന്നു ജെസിന്റെ ഗോളുകള്‍. ജീക്‌സണ്‍ സിങ്(45+3), ബിപിന്‍ സിങ് (42-ഓണ്‍ ഗോള്‍), ബിപിന്‍ സിങ്(64) എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.
ഈ തകര്‍പ്പന്‍ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും ഈസ്റ്റ് ബംഗാളിന് സാധിച്ചു. ഓഗസ്റ്റ് ഏഴിന് സൗത്ത് യുണൈറ്റഡ് എഫ്.സിക്കെതിരെ ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.
അതേസമയം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെട്ടിരുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോടാണ് ബംഗാള്‍ തോല്‍വി നേരിട്ടത്. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മോഹന്‍ ബഗാന്‍ ജയിച്ചു കയറിയത്.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലാണ് ബഗാന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ 52ാം മിനിറ്റിലാണ് സഹലിന്റെ ഗോള്‍ പിറന്നത്.
Content Highlight: East Bengal registered historical win in Durand cup