സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. വേട്ടയ്യനില്‍ ദുഷാര വിജയനും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് നടി. ലിറ്റില്‍ ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുഷാര.

‘ഞാന്‍ രജിനി സാറില്‍ നിന്ന് പഠിച്ച ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ എല്ലാവരോടും ദയയുള്ള ആളായി ഇരിക്കുക എന്നതാണ്. നമ്മള്‍ എത്ര വളര്‍ന്നാലും കാല്‍ തറയില്‍ തന്നെയിരിക്കണം. എന്റെ അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, എവിടെ നിന്നാണ് വന്നതെന്ന് ഒരിക്കലും മറക്കരുത്.

വന്ന വഴി മറക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യാണ്. എല്ലാവരും രജിനി സാറിനെ തലൈവര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നും വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഇരുന്നാല്‍ മാത്രമാണ് അതിന്റെ കാരണം മനസിലാകുകയുള്ളു. രജിനി സാറിനെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും.

ഞാന്‍ ഒരു ന്യൂകമറാണ്. ഒരു വലിയ കടലിലെ ചെറിയ മീന്‍ മാത്രമാണ് ഞാന്‍. എന്നെ കുറിച്ച് ഓഡിയോ ലോഞ്ചില്‍ സംസാരിക്കേണ്ട ആവശ്യം രജിനി സാറിനില്ല. ചുറ്റും അത്രയും ആക്ടേഴ്‌സ് ഉണ്ടായിട്ടും അദ്ദേഹം അന്ന് എന്നെ കുറിച്ച് സംസാരിച്ചു. അത് സത്യത്തില്‍ എന്നെ വളരെ ഇമോഷണലാക്കി.

ആ ഓഡിയോ ലോഞ്ച് കഴിഞ്ഞ ശേഷം നീ എന്റെ മകളായതില്‍ അഭിമാനമുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. അതിനൊക്കെ വേണ്ടിയായിരുന്നു സത്യത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തത്. എനിക്ക് അത് ശരിക്കും വലിയ കാര്യമായിരുന്നു,’ ദുഷാര വിജയന്‍ പറഞ്ഞു.

സൂര്യയുടെ ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. സിനിമയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന് പുറമെ ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിങ്, അഭിരാമി തുടങ്ങിയവരും വേട്ടയ്യനില്‍ എത്തുന്നുണ്ട്.


Content Highlight: Dushara Vijayan Talks About Superstar Tag Of Rajinikanth