മലയാള സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം വലിയ ബിസിനസ് നടന്ന വര്‍ഷമാണ് 2026. ദൃശ്യം 3യും വാഴ 2വും ആട് 3യും ഭരതനാട്യം 2വും അതിരടിയും എല്ലാം ചേര്‍ന്ന് സര്‍വം ശുഭകരമായിരുന്നു മോളിവുഡിന് ഈ വര്‍ഷം. ഇന്ത്യയിലെ മറ്റ് ഭാഷകളിലെ ഇന്‍ഡസ്ട്രികള്‍ക്ക് അടിപതറിയപ്പോള്‍ ഏകദേശം ആയിരം കോടിയിലധികം രൂപയുടെ കച്ചവടമാണ് മലയാളത്തില്‍ മാത്രം നടന്നിരിക്കുന്നത്.
ഇതേ ഫോം അടുത്ത പകുതിയിലും തുടരുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ സിനിമാ പ്രേക്ഷകരും. ഓണം ക്ലാഷിനെത്തുന്ന മൂന്ന് ചിത്രങ്ങളാണ് പ്രതീക്ഷകളുടെ പ്രധാന കാരണമെന്നും കാണാം. പൃഥ്വിരാജിന്റെ ഖലീഫയും ദുല്‍ഖറിന്റെ ഐ ആം ഗെയിമും നിവിന്‍ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റും ക്ലാഷ് റിലീസിനെത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്ന് ചിത്രങ്ങളും ഒന്നിച്ചെത്തുന്നതോടെ അര്‍ഹിച്ച ചിത്രങ്ങള്‍ക്ക് വിജയം നഷ്ടമാകുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്.
കൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ദുല്‍ഖര്‍ ചിത്രത്തിനായാണ്. 2023ല്‍ പുറത്തിറങ്ങി പരാജയപ്പെട്ട കിങ് ഓഫ് കൊത്തയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഐ ആം ഗെയിം എന്നത് ചിത്രത്തെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നു. മടങ്ങിവരവില്‍ ദുല്‍ഖറിന് വലിയ വിജയം നല്‍കണമെന്ന ആഗ്രഹമാണ് താരത്തിന്റെ ആരാധകര്‍ക്കെല്ലാമുള്ളത്. എന്നാല്‍ മറുവശത്ത് മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന ഖലീഫയും നിവിന്‍ പോളിയുടെ പവര്‍ഫുള്‍ ഴോണറായ റോം-കോമില്‍ ഒരുങ്ങുന്ന ബെത്‌ലഹേമും റിലീസിനെത്തുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ പോലും മറ്റ് രണ്ട് ചിത്രങ്ങളെ ആശ്രയിച്ചായിരിക്കും ഐ ആം ഗെയിമിന്റെ വിജയം.
എന്നാല്‍ കേരളത്തിലെ ഓഡിയന്‍സിനെ മാത്രമല്ല ദുല്‍ഖര്‍ ലക്ഷ്യം വെക്കുന്നതെന്ന ആത്മവിശ്വാസമാണ് താരത്തിന്റെ ആരാധകര്‍ക്കുള്ളത്. മലയാളത്തില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ താരം തെലുങ്ക് സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയെടുത്ത ഫാന്‍ബേസാണ് ഇവര്‍ ചര്‍ച്ചയാക്കുന്നത്. ഇന്ത്യയിലെ വലിയ ഇന്‍ഡ്ട്രിയായ ടോളിവുഡ് ഉള്‍പ്പെടുന്ന തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വലിയ ഫാന്‍ബേസാണ് താരത്തിനുള്ളത്. സീതാ രാമം, ലക്കി ഭാസ്‌ക്കര്‍, മഹാനടി തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം വലിയ ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പമുള്ള ശ്രീ ശ്രീ അടക്കം പ്രതീക്ഷയേകുന്ന പ്രൊജക്ടുകളാണ് ഇനി വരാനിരിക്കുന്നതും.
ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തി കൊണ്ട് തന്നെ ഐ ആം ഗെയിമിന് തെലങ്കാനയിലും വലിയ സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഫാന്റസി-ആക്ഷന്‍ ഴോണറിലൊരുക്കുന്ന ചിത്രമെന്നതും ഐ ആം ഗെയിമിന് മേല്‍ക്കൈ നല്‍കുന്നുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുളള വേഫെറര്‍ ഫിലംസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളെന്നതിനാല്‍ വേണ്ട രീതിയില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ഐ ആം ഗെയിമിനായി കളമൊരുക്കും എന്നതിലും സംശയമില്ല.
Content Highlight: Dulquer Salman’s I’m game may get massive response from telugu speaking states
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.