കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. സെപ്റ്റംബര്‍ അവസാനത്തോടെ ഷൂട്ടിങ് ആരംഭിച്ച ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ നടനെയല്ല, നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനെയാണ് കാണാന്‍ കഴിയുന്നത്. സെറ്റിലും ക്യാമറക്ക് പിന്നിലും നിന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്ന തന്റെ ചിത്രങ്ങളാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

നിര്‍മാതാവ് വേഷത്തിന് പറ്റിയ ഒരു ക്യാപ്ഷനും ചിത്രങ്ങള്‍ക്ക് താരം നല്‍കിയിട്ടുണ്ട്. ‘സീന്‍ പെട്ടെന്ന് തന്നെ ചെയ്ത് തീരുന്ന ദിവസങ്ങളില്‍ സെറ്റില്‍ ഒരു നിര്‍മാതാവ് /വികൃതിക്കാരന്‍ ആയി കറങ്ങിനടക്കാന്‍ പറ്റും,’ എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ഫോട്ടോക്ക് ലൈക്കുമായി മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടികമ്പനിയുടെ പേജും എത്തിയിട്ടുണ്ട്. വികൃതിത്തരം ഒപ്പിക്കുന്നയാള്‍ എന്ന് പറഞ്ഞത് വളരെ ശരിയായിട്ടുണ്ടെന്നാണ് കൊത്തയുടെ ക്യാമറ പേഴ്‌സണായ നിമിഷ് രവിയുടെ കമന്റ്.

രാമേശ്വരത്ത് വെച്ചാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചില വീഡിയോകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കിങ് ഓഫ് കൊത്തയുടെ പോസ്റ്ററിനും ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്കിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ഒക്ടോബര്‍ ഒന്നിന് പുറത്തുവിട്ട ഫസ്റ്റ് ലുക്കില്‍ വിന്റേജ് ലുക്കില്‍ മരണമാസ് നോട്ടവുമായിരിക്കുന്ന ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

റൊമാന്റിക് ഹീറോ, ചോക്ലേറ്റ് നായകന്‍ പട്ടങ്ങളില്‍ നിന്നും വഴിമാറി നടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താനെന്ന് ദുല്‍ഖര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ വാക്കുകള്‍ ശരിവെക്കുന്ന ഫസ്റ്റ് ലുക്കായിരുന്നു ഇത്.