ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയിൽ കരിയർ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ബൂസ്റ്റാണ് നൽകിയത്.
ബോക്സ് ഓഫീസ് വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെർഫോമൻസ് വരെ എത്തിനിൽക്കുകയാണ് സംഗീത്. താരത്തിന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയ ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ. നവാഗതനായ ശ്യാമിൻ ഗിരീഷിന്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
ഹാപ്പി ഫ്രെയിംസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു നടൻ എന്ന നിലയിൽ താൻ ആദ്യമായി എത്തുന്ന സിനിമയാണിതെന്നും, ചിത്രം വിജയിച്ചാൽ തനിക്കും സിനിമയിലെത്താൻ ആഗ്രഹിക്കുന്നവർക്കും അത് വലിയ ആത്മവിശ്വാസമാകുമെന്നും സംഗീത് പറഞ്ഞു.
‘സൗണ്ട് ഇത്രത്തോളം എക്സ്പീരിയൻസ് നൽകുകയും എക്സ്പ്ലോർ ചെയ്യുകയും ചെയ്യുന്ന ആദ്യത്തെ പടമായിരിക്കും ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രത്യേകിച്ച് മലയാളത്തിൽ. അത് എക്സ്പീരിയൻസ് ചെയ്യാനെങ്കിലും തിയേറ്ററിലേക്ക് വരണം,’ സംഗീത് പറഞ്ഞു.
സിനിമ ഇഷ്ടപ്പെട്ട് പിന്തുണയ്ക്കുന്ന പ്രേക്ഷകരിൽ നിന്നുതന്നെ ഭാവിയിൽ തങ്ങളെപ്പോലെയുള്ള ആളുകൾ സിനിമയിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിൽ താൻ എത്തിയതുപോലെ മറ്റുള്ളവർക്കും ഇവിടെ എത്താൻ കഴിയുമെന്നും സംഗീത് കൂട്ടിച്ചേർത്തു.
‘ഇത് വർക്ക് ആയിക്കഴിഞ്ഞാൽ നിങ്ങളുടെ ഇടയിൽ നിന്നുതന്നെ നമ്മളെപ്പോലെയുള്ള ഒരാൾ ഇവിടെ വന്ന് നിൽക്കും. ഞാനൊക്കെ ഇപ്പോഴും ചില കമന്റുകൾ കാണുമ്പോൾ ആലോചിക്കാറുണ്ട്. നമ്മൾ നിങ്ങളുടെ ഇടയിൽ നിന്നുതന്നെയാണ് വന്നിട്ടുള്ളത്. മുകളിൽ നിന്നൊന്നും വന്നവരല്ല. ആസിഫ് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്; ഞാൻ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ഇവിടെ എത്താൻ പറ്റും. അതുതന്നെയാണ് എനിക്കും പറയാനുള്ളത്,’ അദ്ദേഹം പറഞ്ഞു.
താൻ ഒരിക്കലും ഒരു ഹീറോ ആകണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയല്ലെന്നും, എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് ആ യാത്രയിലേക്ക് എത്തിയതെന്നും സംഗീത് പറയുന്നു.
‘എന്റെ മൊത്തത്തിലുള്ള പരിപാടിയിൽ ഞാൻ ഒരു ഹീറോ ആവാൻ ആഗ്രഹിച്ചിട്ടുപോലുമില്ല. ഏതൊക്കെയോ ഒരു മൊമെന്റിൽ ഗിരീഷേട്ടനിൽ തുടങ്ങി ഇപ്പോൾ ശ്യാം എന്ന സംവിധായകനിൽ എത്തിനിൽക്കുകയാണ്. അപ്പോൾ ഇത് വർക്ക് ആയാൽ സെറ്റ് ആണ്,’ സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു.
ഒരു നടൻ എന്ന നിലയിൽ ഇപ്പോൾ ആ യാത്രയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും അഭിനയത്തോട് വലിയ പാഷൻ തോന്നിത്തുടങ്ങിയെന്നും സംഗീത് പറയുന്നു. ആളുകൾക്ക് തന്നെ ആവശ്യമുണ്ടെന്ന് തോന്നുന്നിടത്തോളം ഈ ജോലി പാഷനോടെയും കഠിനാധ്വാനത്തോടെയും തുടരണമെന്നാണ് ആഗ്രഹമെന്നും നടൻ വ്യക്തമാക്കി.

സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
‘ഹാർഡ് വർക്കിനും ടാലന്റിനുമൊപ്പം തന്റെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള സമയവും തനിക്ക് നൽകണമെന്നും സംഗീത് പറഞ്ഞു. ‘ഒരു പ്രാവശ്യം നമ്മൾ ട്രൈ ചെയ്ത് ഫെയിൽ ആയിട്ട്, ഒരു പ്രാവശ്യം കൂടി തിരിച്ചുവരാനുള്ള സമയം തന്നാൽ നമ്മൾ ബെറ്റർ ആക്കാൻ നോക്കും. അവിടെയും പറ്റിയില്ലെങ്കിൽ നിങ്ങൾ വിട്ടോളൂ, ഞാൻ എന്റെ പഴയ എഡിറ്റിങ്ങിലേക്ക് തിരിച്ചു പോയിക്കോളാം,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Sangeeth Prathap talks about his journey in the film industry
