വീണ്ടും ഗായകനായി ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ലെ ‘ലോസർ' സോങ്’ പുറത്ത്
Malayalam Cinema
വീണ്ടും ഗായകനായി ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ലെ ‘ലോസർ' സോങ്’ പുറത്ത്
അജ്മല്‍ കെ
Thursday, 27th August 2026, 7:31 pm

ദുൽഖർ സൽമാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഐ ആം ഗെയിം’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ലോസർ സോങ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ദുൽഖർ സൽമാൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘Ladies and gentlemen, listen up to the loser song’ എന്ന ദുൽഖറിന്റെ ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്.

പാട്ടിനൊപ്പം ദുൽഖറിന്റെ തകർപ്പൻ ഡാൻസും വ്യത്യസ്തമായ സ്റ്റെപ്പുകളും ശ്രദ്ധ നേടുന്നുണ്ട്. സ്റ്റൈലിഷ് വിഷ്വലുകളോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ പെർഫോമൻസിനൊപ്പം ഗാനരംഗങ്ങളിലെ ദൃശ്യങ്ങളും പ്രേക്ഷകർക്ക് മികച്ചൊരു വിഷ്വൽ ട്രീറ്റ് നൽകുന്ന തരത്തിലാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

ഐ ആം ഗെയിം. Photo: Screen grab/ Youtube.com

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ചിത്രം വീണ്ടും ചർച്ചയാകുകയാണ്. നേരത്തെയും പിന്നണി ഗായകനായി പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള ദുൽഖർ, ‘ലോസർ സോങ്’ലൂടെ വീണ്ടും ആലാപന രംഗത്തേക്ക് എത്തിയിരിക്കുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.

എ.ബി.സി.ഡി സിനിമയിലെ ‘ജോണി മോനെ ജോണി’, സി.ഐ.എ സിനിമയിലെ ‘ഞാൻ കേരള മണ്ണിനായി’, കല്യാണം എന്ന ചിത്രത്തിലെ ‘ധൃതംഗപുളകിതൻ’, കുറുപ്പ് സിനിമയിലെ ‘ഡിങ്കിരി ഡിങ്കാലെ’ തുടങ്ങിയ ഗാനങ്ങൾ ദുൽഖർ നേരത്തെ പാടിയിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ഇപ്പോൾ ‘ലോസർ’ സോങ്’ കൂടി എത്തുന്നത്.

ഗാനത്തിനൊപ്പം ഇപ്പോൾ ‘ഐ ആം ഗെയിം’ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും ഉയരുകയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ സംവിധാനം ചെയ്യുന്നത് ‘ആർ.ഡി.എക്സ്’ സംവിധായകൻ നഹാസ് ഹിദായത്താണ്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ദുൽഖർ സൽമാൻ.ഐ ആം ഗെയിം. Photo: Screen grab/ Youtube.com

നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’ ദൃശ്യവിസ്മയവും ആക്ഷൻ രംഗങ്ങളും നിറഞ്ഞ സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായാണ് ഒരുങ്ങുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘ലോസർ സോങ്’ കൂടി എത്തിയതോടെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് കൂടുതൽ ആവേശകരമായിരിക്കുകയാണ്. ഓണം റിലീസുകളിൽ നിന്ന് മാറ്റിയ ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന് തിയറ്ററുകളിലെത്തും.

Content Highlight: Dulquer Salmaan’s I Am Game song ‘Loser’ released

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.