ചെന്നൈ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ബി.ജെ.പിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമാണെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ഇനിയൊരിക്കലും വിശ്വസിക്കരുതെന്നും ഏഴയലത്ത് പോലും അടുപ്പിക്കരുതെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോടായി പറഞ്ഞു. വിജയ് യുടെ ടി.വി.കെ സര്‍ക്കാരുമായി സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ് നിലപാടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അടിസ്ഥാന മാന്യതയോ നന്ദിയോ പോലുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലെ പൊതുജനങ്ങള്‍ അവരെ ശരിയായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ സഖ്യത്തിന്റെ ബലത്തിലാണ് കോണ്‍ഗ്രസ് ജയിച്ചു കയറിയതെന്നും ഡി.എം.കെ അണികളുടെ കഠിനാധ്വാനവും വിയര്‍പ്പും കൊണ്ടാണ് കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാര്‍ ജയിച്ചതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
സഖ്യകക്ഷികളുടെ ചോരയും നീരും കുടിച്ച് പിന്നില്‍ നിന്ന് കുത്തുന്നവരാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കോണ്‍ഗ്രസിനെതിരായ പ്രമേയങ്ങളും പാസാക്കിയിട്ടുണ്ട്.
Content Highlight: Don’t bring Congress closer; Congress is the reason for BJP’s continuous victory in the country: Udayanidhi Stalin
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.