കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് സംസ്ഥാന ഘടകം. സംസ്ഥാനത്ത് റെജിനഗര്‍, നന്ദിഗ്രാം മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ റെജി നഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സഖാരവ് സര്‍ക്കാര്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടറാണെന്നും എന്നാല്‍ ഈ ഉപതെരഞ്ഞടുപ്പില്‍ വോട്ട് ചെയ്‌തെന്നും കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഘടകം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

ബെര്‍ഹാംപൂര്‍ മണ്ഡലത്തിലെ 200-ാം നമ്പര്‍ ബൂത്തിലെ 788-ാം നമ്പര്‍ വോട്ടറാണ് സഖാരവ് സര്‍ക്കാര്‍. എന്നാല്‍ ഈ മാസം ആറിന് ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം റെജിനഗറില്‍ വോട്ട് ചെയ്തതായി കോണ്‍ഗ്രസിന്റെ പോസ്റ്റില്‍ പറയുന്നു. സഖാരവ് സര്‍ക്കാര്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യുന്നതിന്റെ വീഡിയോയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

Screengrab: INCWestBenga/X

Screengrab: INCWestBenga/X

 

റെജിനഗറിലെ മജ്‌ലിസ് നഗര്‍ ലൈബ്രറിയിലുള്ള ബൂത്തില്‍ സഖാരവ് സര്‍ക്കാര്‍ എത്തി വോട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ജനം പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Screengrab: INCWestBenga/X

Screengrab: INCWestBenga/X

‘വോട്ട് തട്ടിപ്പിന് തെളിവ് വേണോ? നേരിട്ട് കണ്ടോളൂ. റെജിനഗര്‍ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശങ്കര്‍വ് സര്‍ക്കാര്‍, റെജിനഗറില്‍ വോട്ട് ചെയ്യുന്നത് കാണാം! ഇത് നിയമവിരുദ്ധമാണ്. എന്തുകൊണ്ടെന്നാല്‍, അദ്ദേഹം റെജിനഗറിലെ വോട്ടറല്ല.

അദ്ദേഹം വോട്ടറായ മണ്ഡലം/ബൂത്ത് വിവരങ്ങള്‍ ഇവയാണ്: ബെര്‍ഹാംപൂര്‍ നിയമസഭാ മണ്ഡലം, പാര്‍ട്ട് നമ്പര്‍ 200, സീരിയല്‍ നമ്പര്‍ 788,’ കോണ്‍ഗ്രസ് സംസ്ഥാന ഘടകം എക്‌സ് പോസ്റ്റില്‍ കുറിച്ചു. താന്‍ വോട്ടറല്ലാത്ത ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യുന്നോ എന്നും പാര്‍ട്ടി ചോദിച്ചു.

Photo: INCWestBenga/X

Photo: INCWestBenga/X

സംസ്ഥാനത്തെ റെജിനഗര്‍, നന്ദിഗ്രാം മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നാണ് (ഒക്ടോബര്‍ ഒമ്പത്, വെള്ളി) പുറത്ത് വന്നത്. രണ്ട് നിയമസഭാമണ്ഡലങ്ങളിലും ബി.ജെ.പി വിജയിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ഒക്ടോബര്‍ ആറിനായിരുന്നു രണ്ടിടത്തും വോട്ടെടുപ്പ് നടന്നത്. ഇതിനായി കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. ഇരു മണ്ഡലങ്ങളിലും ഏകദേശം 78 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ജനത ഉന്നയന്‍ പാര്‍ട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂണ്‍ കബീറാണ് റെജിനഗറിലും മറ്റൊരു മണ്ഡലമായ നൗഡയിലും വിജയിച്ചിരുന്നത്. നൗഡ മാത്രം ഹുമയൂണ്‍ കബീര്‍ നിലനിര്‍ത്തിയതോടെ റെജി നഗറില്‍ സീറ്റ് ഒഴിവ് വരികയായിരുന്നു.

ഹുമയൂണ്‍ കബീറിന്റെ മകന്‍ ഗോലം നബി ആസാദാണ് റെജിനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ജെ.യു.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ സഖാരവ് സര്‍ക്കാരിനോട് അദ്ദേഹം പരാജയപ്പെട്ടു.

65നും 70നും ഇടയില്‍ ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് റെജി നഗര്‍. മണ്ഡലത്തില്‍ 63.14 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സഖാരവ് സര്‍ക്കാര്‍ ജയിച്ചത്. 26.29 ശതമാനം മാത്രം വോട്ടുകളാണ് ഗോലാം നബി ആസാദിന് നേടാനായത്.

Content Highlight: Allegation of West Bengal Congress About BJP Candidate in Rejinagar