ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍. നൂറുകണക്കിന് പ്രതിഷേധക്കാരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുന്നതിന് പകരം, രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതിരുന്നതെന്ന് സഞ്ജയ് കുമാര്‍ ചോദിച്ചു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു അന്യായമായ രീതിയിലാണ് പദവിയിലെത്തിയതെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. 1946-ല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് ഭൂരിപക്ഷത്തോടെ പിന്തുണച്ചതെന്നും നെഹ്റുവിനെ തെരഞ്ഞെടുത്തത് ചരിത്രത്തിലെ വലിയൊരു ‘വോട്ട് ചോരി’യാണെന്നും സഞ്ജയ് കുമാര്‍ ആരോപിച്ചു.
വോട്ട് ചോരിയുടെ പേറ്റന്റ് അവകാശം കോണ്‍ഗ്രസിനാണെന്നും രാഹുല്‍ ഗാന്ധി തന്റെ മുതുമുത്തച്ഛന്റെ പാരമ്പര്യം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ കാണാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹത്തിനെതിരായ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ നേതാക്കള്‍ അതിനായി കാത്തിരിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
നിലവിലുള്ള വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ പ്രാദേശിക ഭരണകൂടത്തിനെതിരെയും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു 2004-ല്‍ അന്തരിച്ചിട്ടും, ഇപ്പോഴത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: Why isn’t Rahul Gandhi meeting Gyanesh Kumar? Congress holds the patent for vote theft: Union Minister
