തിരുവനന്തപുരം: പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ കാരണമാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 240 സീറ്റുകളിലൊതുങ്ങിയതെന്നും അതുകൊണ്ടാണ് വോട്ട് ചോരി നടത്തി അവരെ തോല്‍പ്പിച്ചതെന്നുമുള്ള സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ.

ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശമനം. കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയന്റെ സ്വന്തം പാര്‍ട്ടി ബ്രാഞ്ച് മുതല്‍ സംസ്ഥാന തലം വരെ വിശദമായി ചര്‍ച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ കുറെയൊക്കെ അവര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വി.ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ഇതിന്റെന്റെയടിസ്ഥാനത്തില്‍ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവര്‍ തന്നെ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. അപ്പോഴാണ് ഇന്നലെവരെ അമേരിക്കയിലായിരുന്ന ഇദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍. കേരളത്തില്‍ എസ്.ഐ.ആര്‍ നടന്ന സമയത്ത് പിണറായി വിജയന്റെ പാര്‍ട്ടിയായിരുന്നു അധികാരത്തില്‍. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുതലുള്ള ഉദ്യോഗസ്ഥരെല്ലാം പിണറായി സര്‍ക്കാര്‍ പ്രത്യേകം തെരഞ്ഞുപിടിച്ച് നിയോഗിച്ചവരുമായിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്നു പല വീഴ്ചകളും ചൂണ്ടിക്കാട്ടിയത്.

പ്രതിപക്ഷത്തിന്റെ നിതാന്ത ജാഗ്രതയിലും നിരന്തര ഇടപെടലിലുമായിരുന്നു കേരളത്തിലെ എസ്.ഐ.ആര്‍ താരതമ്യേനെ ഭേദപ്പെട്ട രീതിയില്‍ പൂര്‍ത്തീകരിച്ചത്. അതിന്റെ ഗുണമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത്,’ വി.ടി ബല്‍റാം പറഞ്ഞു.

എസ്.ഐ.ആറിന് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വോട്ടര്‍പട്ടിക വച്ചുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 60 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിച്ചത് യു.ഡി.എഫാണ് എന്നതും മറക്കരുതെന്നും അതായത് പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ കേരള ജനതയാണ് പിണറായി വിജയനേയും പാര്‍ട്ടിയേയും 2021ന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ച് തോല്‍പ്പിച്ചു പോന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

‘അതൊന്നും വേറെ ഏതെങ്കിലും കണക്കില്‍ കൊണ്ടുവന്ന് കെട്ടാന്‍ ഒരു പാറ്റപ്പാര്‍ട്ടിയും വൃഥാശ്രമം നടത്തണ്ട. പിന്നെ 2024ല്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറച്ചതില്‍ പിണറായി വിജയന്റെ പങ്കുമുണ്ടത്രേ! ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ മാത്രമാണ് പിണറായി വിജയന്റെ മുന്‍കൈയ്യില്‍ പാര്‍ട്ടിക്ക് ഒരു എം.പിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് എന്നത് ഈ പാറ്റകള്‍ക്ക് അറിയാത്തതാണോ? കേരളത്തിന് പുറത്ത് എവിടെയും, സി.പി.എം മത്സരിക്കുന്ന സീറ്റുകളിലടക്കം, പിണറായി വിജയന്‍ ഒരു പ്രചരണ പരിപാടിക്ക് പോലും പോയിട്ടില്ലെന്നത് അന്ന് തന്നെ ചര്‍ച്ചയായിരുന്നല്ലോ. കേരളത്തിലെ പോളിംഗിന് ശേഷം അന്നത്തെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നേരെ പോയത് വിദേശയാത്രക്കാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന എസ്.ഐ.ആറിലെ ഗുരുതരമായ തട്ടിപ്പുകള്‍ക്കെതിരെ വസ്തുനിഷ്ഠമായ ആരോപണങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധിയും മുഖ്യധാരാ പ്രതിപക്ഷവും ‘വോട്ട് ചോരി’ പോരാട്ടവുമായി മുന്നോട്ടു പോകുമ്പോള്‍ പുത്തന്‍കൂറ്റുകാരായ ഇത്തരം ഈയാംപാറ്റകളുടെ സെല്‍ഫ് ഗോളുകള്‍ യഥാര്‍ത്ഥ വിഷയത്തെ ദുര്‍ബലപ്പെടുത്തുകയാണ്. പറയാതെ വയ്യ,’ വി.ടി ബല്‍റാം പറഞ്ഞു.

Content Highlight: Don’t overdo it and make a mess of things; the ‘self-goals’ scored by these ‘mayflies’ weaken the actual issue: V.T. Balram against CJP.