കാക്കിനാഡ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ദല്‍ഹി ജന്തര്‍ മന്തറില്‍ സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു സര്‍ക്കാരും ലക്ഷ്യമിടുന്നതായി എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം. സജി.

ആന്ധ്രയിലെ കാക്കിനാഡയില്‍ നിന്ന് സമരത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച എസ്.എഫ്.ഐ നേതാവിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ആദര്‍ശ് പ്രസ്താവനയില്‍ അറിയിച്ചു. ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു സര്‍ക്കാരും അടിച്ചമര്‍ത്തലിന്റെ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാക്കിനാഡയിലെ എസ്.എഫ്.ഐ നേതാവ് സാഹിത്തിന്റെ പിതാവിനെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ സാഹിത്തിനെ കണ്ടെത്താന്‍ പറ്റാത്ത പൊലീസ് അദ്ദേഹത്തിന്റെ പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ആദര്‍ശ് വ്യക്തമാക്കി.

‘കാക്കിനാഡയിലെ എസ്.എഫ്.ഐ. നേതാവ് സാഹിത്തിന്റെ വീടിനു സമീപത്തുനിന്നുള്ളതാണ് ഈ ചിത്രം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീട്ടില്‍ സാഹിത്തിനെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് പോലീസ് അദ്ദേഹത്തിന്റെ പിതാവിനെ കസ്റ്റഡിയിലെടുത്തു. കാരണമോ? വോട്ട് തട്ടിപ്പിനെതിരെ കാക്കിനാഡയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടിരുന്നു,’ ആദര്‍ശ് പറഞ്ഞു.

ഒരുപക്ഷേ, അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ മോശമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളത്തെ പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി രാജ്യത്താകെ 10,000 പേരെയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തതായി സി.ജെ.പി വക്താവ് അശുതോഷ് റാങ്ക നേരത്തെ പറഞ്ഞിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് യാത്ര തിരിച്ച പൂനെയിലെ വിദ്യാര്‍ത്ഥികളും കര്‍ഷക സംഘടന പ്രവര്‍ത്തകര്‍, ദളിത് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ സംഭവത്തെ സി.ജെ.പി കോഓഡിനേറ്റര്‍ അഭിജിത് ദീപ്‌കെ അപലപിക്കുകയും ചെയ്തിരുന്നു. ‘രാജ്യത്ത് എന്ത്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൂടാ? മുംബൈയിലും ബെംഗളൂരുവിലും സമാധാനപരമായി പ്രതിഷേധങ്ങള്‍ക്ക് സംഘടിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് ദല്‍ഹിയില്‍ മാത്രം അതിന് അനുമതി നല്‍കുന്നില്ല? ജന്തര്‍ മന്ദര്‍ ഇന്ത്യയിലെ ജനങ്ങളുടെതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെതല്ല,’ അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ ഫോട്ടോയ്ക്ക് പ്രതികരിച്ച് കൊണ്ട് ദീപ്കെ പറഞ്ഞു.

പ്രതിഷേധ സമരത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക പൊലീസ് നടപടിയെടുക്കുന്നതായി എസ്.എഫ്.ഐ നേതാവ്് ഐഷെ ഘോഷും നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബര്‍ 10-ന് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകരെ വഴിനീളെ തടയുകയും നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും സംഘടനകളുടെ ഓഫീസുകളിലേക്ക് പൊലീസ് ഇരച്ചുകയറുകയും ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു.

ലാത്തികളുമായി എത്തിയ പൊലീസ് സംഘം ദല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജീത് ഭവനിലുള്ള എസ്.എഫ്.ഐ ദേശീയ ഓഫീസില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചതായി ഐഷെ ഘോഷ് എക്‌സില്‍ കുറിച്ചു. ഗുജറാത്തില്‍ എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് സതീഷയെയും സംസ്ഥാന സെക്രട്ടറിയെയും വീട്ടുതടങ്കലിലാക്കി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

സി.ജെ.പിയും രാജ്യത്തെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.എസ്.എ.പി അടക്കമുള്ള സംഘടനളും സംയുക്തമായാണ് നാളെ ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. ഗ്യാനേഷിന്റെ രാജി എന്ന ഒറ്റ ആവശ്യത്തിനായല്ല തങ്ങളുടെ പ്രതിഷേധമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും പരിഹരിക്കപ്പെടും വരെ പ്രതിഷേധം തുടരുമെന്നും സി.ജെ.പിയുടെയും ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെയും നേതാക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: ‘Chandrababu‘s Government in Andhra Pradesh Is Also Following a Path of Repression’: Says Adarsh M Saji