‘ബെത്ലഹേം കുടുംബ യൂണിറ്റ്’ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ കഥാപാത്രങ്ങളിലൊന്നായിരുന്നു ശ്യാം മോഹന്‍ അവതരിപ്പിച്ച ഹരി ചാക്യാര്‍. സിനിമയിലെ ഏറ്റവും ടോക്‌സിക് സ്വഭാവമുള്ള കഥാപാത്രങ്ങളിലൊന്നായ ഹരിയുടെ പെരുമാറ്റവും പ്രവൃത്തികളുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍, ഈ കഥാപാത്രത്തിന്റെ പ്രചോദനം യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി.

ഹരി ചാക്യാര്‍ എന്നല്ല, ഹരി നമ്പൂതിരി എന്നാണ് ആ യഥാര്‍ഥ കഥാപാത്രത്തിന്റെ പേരെന്നും ഗിരീഷ് പറയുന്നു. എളവൂരിലെ ഒരു ഉത്സവത്തിനിടെ നടന്ന സംഭവത്തില്‍ നിന്നാണ് സിനിമയിലെ ഹരി ചാക്യാര്‍ രൂപപ്പെട്ടതെന്നാണ് ഗിരീഷ് പറയുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് ഇക്കാര്യം പങ്കുവെച്ചത്.
എളവൂരിലുള്ള ഒരു സുഹൃത്ത് പറഞ്ഞ കഥയില്‍ നിന്നാണ് ഹരി നമ്പൂതിരിയെക്കുറിച്ച് അറിയുന്നതെന്ന് ഗിരീഷ് പറയുന്നു. ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഹരി നമ്പൂതിരിക്ക് മര്‍ദനമേല്‍ക്കേണ്ടിവന്നതാണ് ആ കഥ.

ഒടുവില്‍ ഒരു തൂണില്‍ മുറുകെപ്പിടിച്ച്, ഇനിയും അടിക്കുകയാണെങ്കില്‍ തന്നെ കൊന്നോളാന്‍ പറഞ്ഞ്, കീറിപ്പറിഞ്ഞ ഷര്‍ട്ടുമായി നില്‍ക്കുന്ന ഹരിയുടെ ചിത്രമാണ് ആ സംഭവത്തെക്കുറിച്ച് സുഹൃത്ത് വിവരിച്ചതിലൂടെ ഗിരീഷിന്റെ മനസില്‍ പതിഞ്ഞത്.
‘ഹരി നമ്പൂതിരിയെന്നൊരാള്‍ അവിടെയുണ്ട്. പുള്ളിയെ നല്ലൊരു ചെറുപ്പക്കാരനായിട്ടാണ് ആളുകള്‍ കാണുന്നത്. ഉത്സവത്തിന് എന്തോ ഒരു അടിയുണ്ടായപ്പോള്‍ ഹരി നമ്പൂതിരി ഇറങ്ങി അടിക്കാന്‍ നിന്നു. പുള്ളിയെ ഇവര്‍ എടുത്തിട്ട് അലക്കി. അവസാനം ഏതോ ഒരു തൂണില്‍ കെട്ടിപ്പിടിച്ച് കിടന്നിട്ട്, ഇനി അടിക്കുകയാണെങ്കില്‍ എന്നെ കൊല്ലണം എന്നൊക്കെ പറഞ്ഞ്, ഷര്‍ട്ടൊക്കെ കീറിപ്പറിഞ്ഞ ഒരു സംഭവമാണ് സുഹൃത്ത് പറഞ്ഞത്,’ ഗിരീഷ് അഭിമുഖത്തില്‍ പറഞ്ഞു.

ഈ സംഭവത്തില്‍ നിന്നുള്ള കഥാപാത്രത്തെ തനിക്ക് ഇഷ്ടപ്പെട്ടെന്നും പിന്നീട് സിനിമയിലെ മറ്റ് ഘടകങ്ങള്‍ കൂടി ചേര്‍ന്നതോടെയാണ് ഹരി ചാക്യാര്‍ രൂപപ്പെട്ടതെന്നും ഗിരീഷ് പറയുന്നു. ചാക്യാര്‍കൂത്ത് അവതരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കഥാപാത്രത്തിന്റെ സ്വഭാവത്തോട് ചേര്‍ന്നുവന്നതോടെ അത് ഹരി ചാക്യാരായി.
ശ്യാം മോഹനാണ് കഥാപാത്രത്തെ കൂടുതല്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും ഗിരീഷ് പറഞ്ഞു. ഹരിയുടെ വയലന്റ് സ്വഭാവം അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ‘കാന്താര’യിലെപ്പോലെയുള്ള ഒരു അവതരണരീതി പരീക്ഷിച്ചാലോ എന്നായിരുന്നു ശ്യാം മോഹന്‍ ചോദിച്ചത്. അത് എനിക്കും ഇഷ്ടപ്പെട്ടതോടെ അതിലേക്ക് പോവുകയായിരുന്നുവെന്നും ഗിരീഷ് പറഞ്ഞു.
Content Highlight: Director Girish AD about Real Hari Chakyar
