ന്യൂദല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ തറവാട്ട് വീട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയതിന് പിന്നാലെ ശുദ്ധികലശം.

ഹിന്ദു സംഘടനകളാണ് ഗംഗാജലം ഉപയോഗിച്ച് ശുദ്ധികലശം നടത്തിയത്. ഗ്യാനേഷ് കുമാറിന്റെ ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള ചിത്താപ്പൂര്‍ റോഡിലെ തറവാട്ടിലാണ് ബി.ജെ.പി അനുകൂല സംഘടനകളും പ്രാദേശിക ഹിന്ദുത്വ പ്രവര്‍ത്തകരും ചേര്‍ന്ന് ശുദ്ധികലശം നടത്തിയത്.

സ്വാതന്ത്ര്യ സമര സേനാനിയായ ഗ്യാനേഷ് കുമാറിന്റെ മുത്തശ്ശന്റെ പൈതൃകമുള്ള സ്ഥലത്താണ് കോണ്‍ഗ്രസ് അനാവശ്യമായി രാഷ്ട്രീയം കളിച്ചതെന്നും പരിസരമാകെ അശുദ്ധമാക്കിയെന്നുമാരോപിച്ചായിരുന്നു ശുദ്ധികലശം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിടെ വളരെ മോശം ഭാഷ ഉപയോഗിച്ചുവെന്നും വീടിന്റെ വാതിലില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ എഴുതിയിരുന്നതായും ഗ്യാനേഷ് കുമാറിന്റെ മാതാവ് സത്യവതി ഗുപ്ത ആരോപിച്ചു.

ഭരണഘടനാ പദവിയിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ കുടുംബവീട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് അടക്കമുള്ള സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ അധിക്ഷേപിക്കുന്നതിലൂടെ കോണ്‍ഗ്രസ് ജനാധിപത്യ പ്രക്രിയയെ തന്നെയാണ് അവഹേളിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ വീട് ശുദ്ധീകരിക്കുന്നത് തൊട്ടുകൂടായ്മയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഭരണപരമായ കടമകള്‍ മറന്ന് ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷണര്‍ക്ക് വേണ്ടി ശുദ്ധികലശം നടത്തുന്നത് ഭരണപക്ഷത്തിന്റെ ഭയമാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

വോട്ടര്‍മാരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് ഇവര്‍ അശുദ്ധരായി ചിത്രീകരിക്കുന്നത്. ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയില്ലെന്നും വോട്ടുകൊള്ളക്കെതിരായ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.

Content Highlight: Following a Congress protest, Hindutva activists performed a purification ritual by sprinkling Ganga water at Gyanesh Kumar’s ancestral home.