മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് വി.എം. വിനു. ബാലേട്ടൻ, മയിലാട്ടം,വേഷം, ബസ് കണ്ടക്ടർ, പെൺ പട്ടണം തുടങ്ങിയ നിരവധി സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിയുന്നതിന് മുമ്പ് റിവ്യൂകൾ അനുവദിക്കരുതെന്നും ഇതിന് കർശനമായ നിയമവും പിഴയും ഏർപ്പെടുത്തണമെന്നും പറയുകയാണ് വി.എം. വിനു. സിനിമയുടെ റിലീസ് കഴിഞ്ഞ് രണ്ടാഴ്ചത്തേക്കെങ്കിലും റിവ്യൂകൾക്ക് നിയന്ത്രണം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആളുകളുടെ അധ്വാനവും വലിയ സാമ്പത്തിക നിക്ഷേപവും ഉൾപ്പെടുന്ന സിനിമയെ മൊബൈൽ ഫോണിലൂടെ ലാഘവത്തോടെ നടത്തുന്ന റിവ്യൂകൾ തകർക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

വി.എം. വിനു. Photo. Screen Grab/ Youtube. IMDb
‘ഒരു സിനിമയ്ക്ക് വേണ്ടി എത്രയോ ആളുകൾ അധ്വാനിക്കുന്നുണ്ട്. ഒരുപാട് ഇൻവെസ്റ്റ്മെന്റും അതിൽ നടക്കുന്നുണ്ട്. അങ്ങനെയിരിക്കെ, ഒരു മൊബൈൽ ഫോണും ഉപയോഗിച്ച് ലാഘവത്തോടെ റിവ്യൂ ചെയ്ത് ആളുകൾ തിയേറ്ററിലേക്ക് വരുന്നത് ഇല്ലാതാക്കുന്നത് സിനിമാ മേഖലയോട് ചെയ്യുന്ന ദ്രോഹമാണ്. സിനിമ ഓടിത്തുടങ്ങി ഒരാഴ്ച കഴിയുന്നതിന് മുമ്പ് റിവ്യൂ പാടില്ലെന്നാണ് ഞാൻ പറയുന്നത്. രണ്ടാഴ്ചത്തേക്കെങ്കിലും റിവ്യൂ അനുവദിക്കരുത്. അതിന് കർശനമായ നിയമവും പിഴയും വേണം. പ്രൊഡ്യൂസർക്ക് കോടതിയെ സമീപിക്കാനുള്ള നിയമവും ഉണ്ടാകണം,’ വി.എം. വിനു പറഞ്ഞു.
സിനിമയെ മെച്ചപ്പെടുത്താനും പുതിയ വിഷയങ്ങൾ അവതരിപ്പിക്കാൻ അണിയറപ്രവർത്തകരെ സഹായിക്കാനുമല്ല പലരും റിവ്യൂ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിപരമായ താത്പ്പര്യങ്ങൾ മുൻനിർത്തിയാണ് പല റിവ്യൂകളും നടക്കുന്നതെന്നും വിനു വിമർശിച്ചു. എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലേക്ക് സോഷ്യൽ മീഡിയ മാറിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തിന് ശേഷം സിനിമാ മേഖലയിലെ വലിയ വരുമാനമാർഗങ്ങളിലൊന്നായി റിവ്യൂ മാറിയിട്ടുണ്ടെന്നും ഇതിന്റെ മറവിൽ ഒരു വലിയ വ്യവസായത്തെ തകർക്കുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളിൽ അഭിനേതാക്കൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വി.എം. വിനു വിമർശിച്ചു. പ്രേമലു 2 ഉപേക്ഷിച്ചെന്ന വാർത്തയുമായി ബന്ധപ്പെട്ട് ഒരു നടനെതിരെ ഉണ്ടായ ആക്രമണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സോഷ്യൽ മീഡിയയിൽ ആളുകൾ പലതും പ്രചരിപ്പിക്കുമ്പോൾ അതിന്റെ ആഘാതം ഒരു വ്യക്തിയുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്നത് പലരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകൾ എന്തൊക്കെയോ പടച്ചുവിട്ട് അത് കണ്ട് രസിക്കുകയാണ്. എന്നാൽ ആ വ്യക്തി തന്റെ ജീവിതത്തിൽ അതെങ്ങനെ തരണം ചെയ്യുമെന്ന് നമുക്കറിയില്ല. അയാൾ അനുഭവിക്കുന്ന മാനസിക സമ്മർദം എത്രത്തോളമാണെന്നും അറിയില്ല. എത്ര ആഗ്രഹിച്ചും അധ്വാനിച്ചുമാണ് ഓരോരുത്തരും സിനിമയിലെത്തുന്നത്. അവർക്കെതിരെ ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അത് അവരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിക്കും,’ വി.എം. വിനു പറഞ്ഞു.
Content Highlight: V.M. Vinu advocates against allowing reviews before a week has passed since a movie’s release and calls for the implementation of strict laws and penalties regarding this
