ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നടന്ന ആകാശവാണി പരിസരത്തെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്.
ആകാശവാണി പരിസരത്തേക്ക് അനുമതിയില്ലാതെ അതിക്രമിച്ച് കയറിയെന്ന ആകാശവാണി അധികൃതരുടെ ഔദ്യോഗിക പരാതിയെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നെ പൊലീസ് പറഞ്ഞു.
വോട്ടര്‍പട്ടികയിലെ ക്രമക്കേടിനെതിരെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് ഹൗസില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ നിരോധനാജ്ഞ (ബി.എന്‍.എസ്.എസ് സെക്ഷന്‍ 163) നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് സ്ട്രീറ്റില്‍ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു.
ഇതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമീപത്തെ ആകാശവാണി ഭവന്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും അവിടെ വെച്ച് എട്ട് മണിക്കൂറിലധികം നീണ്ട ഉപരോധ സമരം നടത്തുകയുമായിരുന്നു. തങ്ങളുടെ ജോലി തടസപ്പെടുത്തി നേതാക്കള്‍ ബലമായി അകത്തുകയറിയെന്നാണ് ആകാശവാണി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ചൊവ്വാഴ്ച രാത്രി വൈകി പൊലീസ് ഇടപെട്ടാണ് ഇവിടെ നിന്നും നേതാക്കളെ നീക്കിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടെ 10 പാര്‍ലമെന്റ് അംഗങ്ങളെയും ഇരുനൂറ്റിയറുപതോളം പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കിംഗ്സ്വേ ക്യാമ്പിലെ ന്യൂ പോലീസ് ലൈന്‍സിലേക്ക് മാറ്റി. പിന്നീട് രാത്രി പത്ത് മണിയോടെയാണ് ഇവരെ വിട്ടയച്ചത്.
content Highlight: Allegation of trespassing into Akashvani Bhavan: Delhi Police register case against Rahul and Priyanka.
