തർക്കം തെരുവിലേക്ക്; മുഖ്യമന്ത്രി ചർച്ചകൾക്കിടയിലും പരസ്പരം ഏറ്റുമുട്ടി പ്രവർത്തകർ
Kerala
തർക്കം തെരുവിലേക്ക്; മുഖ്യമന്ത്രി ചർച്ചകൾക്കിടയിലും പരസ്പരം ഏറ്റുമുട്ടി പ്രവർത്തകർ
മുഹമ്മദ് നബീല്‍
Thursday, 7th May 2026, 7:51 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായുള്ള കോൺഗ്രസ് അണികളുടെ തർക്കം സമൂഹ മാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. നിയുക്ത എം.എൽ.എ മാരിൽ കെ.സി വേണുഗോപാലിന് കൂടുതൽ പേരുടെ പിന്തുണ ലഭിച്ചതോടെയാണ് തർക്കം തെരുവിലേക്കും പടർന്നത്. പലയിടത്തും അണികൾ തമ്മിൽ ഏറ്റുമുട്ടി.

കൊച്ചിയിലും, ഇടുക്കിയിലും വി.ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടന്നു, തിരുവനന്തപുരത്ത് കെ.സി വേണുഗോപാലിന്റെ അണികൾ അദ്ദേഹത്തിന്റെ ഫ്ലെക്സിനുമുകളിൽ പാലാഭിഷേകവും നടത്തി. നിയുക്ത എം.എൽ.എ മാരിൽ 46 പേർ കെ.സി വേണുഗോപാലിനേയും, 9 പേർ രമേശ് ചെന്നിത്തലയേയും, 6 പേർ വി.ഡി സതീശനേയും പിന്തുണച്ചെന്നാണ്  വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഇതോടെ തർക്കം മുറുകുകയായിരുന്നു.

അതേസമയം മുസ്‌ലിം ലീഗ് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചതിനെ കെ.സി വേണുഗോപാൽ പക്ഷം നേതാവ് മാത്യു കുഴൽനാടൻ വിമർശിച്ചു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ ലീഗ് തീരുമാനിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതിനിടയിൽ മാത്യു കുഴൽനാടനെ വിമർശിച്ചും യൂത്ത് ലീഗിന്റെ ഫ്ളക്സ് ഉയർന്നു. ‘നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടാ’ എന്നെഴുതിയ പോസ്റ്റർ കണ്ണൂർ ഇരിക്കൂറിലാണ് പ്രത്യക്ഷപ്പെട്ടത്.

എം.എൽ.എ മാരുടെ അഭിപ്രായം തേടാനെത്തിയ എ.ഐ.സി.സി നിരീക്ഷകരായ മുകൾ വാസനിക്കും അജയ് മാക്കനും ഘടകകക്ഷികളുമായും കുടിക്കാഴ്ച നടത്തിയശേഷം ഡൽഹിക്ക് മടങ്ങി. ഇനി എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അണികൾ പരസ്പരം ഏറ്റുമുട്ടുന്നതിൽ യു.ഡി.എഫ് ഘടകകക്ഷികൾക്കിടയിലും അമർഷം ഉയർന്നിട്ടുണ്ട്.

Content Highlight: Dispute takes to the streets; activists clash with each other despite CM’s talks

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം