ഒ.ടി.ടി റിലീസിന് പിന്നാലെ റോഷാക്കിനെ പറ്റി പലവിധ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു പ്രതികാര കഥ വളരെ വേറിട്ട രീതിയില്‍ പറഞ്ഞുപോയ ചിത്രം പുതിയൊരു അനുഭവം തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും ഓരോ രംഗത്തിനും പ്രേക്ഷകര്‍ക്ക് പല വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കാം. റോഷാക്ക് ടെസ്റ്റ് പോലെ പ്രേക്ഷകന്റെ മനോനിലയും വ്യക്തിത്വവും അനുസരിച്ച് പല രീതിയിലായിരിക്കും സിനിമയെ നോക്കികാണുക.

അതിനാല്‍ തന്നെ ചിത്രത്തെ പറ്റി നിരവധി കുറിപ്പുകളും ചര്‍ച്ചകളും ഉയരുന്നുണ്ട്. അതിലൊന്ന് ദിലീപിന്റെ മരണമാണ്. ദിലീപിനെ കൊന്നതാണെന്നും അത് ലൂക്കോ സതീശനോ തന്നെയായിരിക്കാമെന്നുമുള്ള ചര്‍ച്ചകളാണ് ഉയരുന്നത്.

ലൂക്ക് നാട്ടില്‍ വരുമ്പോള്‍ ദിലീപ് മരിച്ചതായാണ് കാണുന്നത്. രണ്ട് വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞതിന് ശേഷം നാട്ടില്‍ വന്ന ദിലീപ് വീട് പണി നടക്കുമ്പോഴാണ് മരണമടയുന്നത്. പണി തീരാത്ത വീട്ടില്‍ നിന്നും മടങ്ങവേ ആക്‌സിഡന്റിലാണ് മരിച്ചതെന്ന് അളിയനായ ശശാങ്കന്‍ ലൂക്കിനോട് പറയുന്നുണ്ട്.

ദിലീപിനെ കൊന്നത് ലൂക്ക് തന്നെയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്നത്. പ്രതികാരം മൂത്ത് നാട്ടില്‍ വന്ന ലൂക്ക് ദിലീപിനെ വണ്ടിയിടിപ്പിച്ച് കൊന്നതായിരിക്കാം. എന്നിട്ടും പ്രതികാരം മാറാതെ അവന്റെ നല്ല പേരും വീട്ടുകാരെയും നശിപ്പിക്കാനായിരിക്കാം നാട്ടിലേക്ക് വന്നത്.

ദിലീപിന്റെ അനിയനായ അനിലിനെയും ലൂക്ക് വണ്ടിയിടിപ്പിച്ച് ആശുപത്രിയിലാക്കുന്നുണ്ട്. കാശെടുക്കാനായി ലൂക്കിന്റെ വീട്ടില്‍ കയറി പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിലാണ് അനിലിനെ ലൂക്ക് വണ്ടിയിടിപ്പിക്കുന്നത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ സാറേ, ദൈവം കാത്തതാണെന്ന് സീത പറയുമ്പോള്‍ നിരാശയോടെ അറിയാമെന്ന് ലൂക്ക് പറയുന്നുണ്ട്. തന്റെ കയ്യില്‍ നിന്നും വഴുതിപ്പോയതാണ് അനില്‍ എന്ന് ലൂക്കിന്റെ മുഖത്തെ നിരാശയില്‍ നിന്നും വായിച്ചെടുക്കാം. ഈ വണ്ടിയിടിപ്പിക്കല്‍ ദിലീപിന്റെ കാര്യത്തിലും നടക്കാന്‍ സാധ്യതയുണ്ട്.

ഇനി സതീശനാണ് ദിലീപിനെ കൊന്നതെന്ന ഊഹങ്ങളും ചിലര്‍ പങ്കുവെക്കുന്നുണ്ട്. സതീശനും നേരത്തെ മുതല്‍ സുജാതയോട് ഒരു താല്‍പര്യമുണ്ട്. അത് മുന്‍കൂട്ടിയറിഞ്ഞ ദിലീപ് ആദ്യം തന്നെ അവളെ കെട്ടി. സുജാതയെ സ്വന്തമാക്കണമെന്ന ആഗ്രഹത്തിലായിരിക്കും സതീശന്‍ ദിലീപിനെ കൊന്നത്. മരണ ശേഷവും സുജാത ദിലീപിനെ തന്നെ മനസില്‍ ഇട്ടുകൊണ്ട് നടക്കുകയാണെന്ന് മനസിക്കിയപ്പോള്‍ അയാള്‍ പിന്മാറിക്കാണും.

എന്നാല്‍ ലൂക്ക് സുജാതയെ വീണ്ടും കെട്ടുന്നത് സതീശന് സഹിക്കുന്നില്ല. ലൂക്കിന്റെ പിന്നാലെ കൂടി അയാളുടെയും ദിലീപിന്റെയും കള്ളത്തരങ്ങള്‍ കണ്ടുപിടിക്കുന്ന സതീശന്‍ അത് ആദ്യം അറിയിക്കുന്നത് സുജാതയെയാണ്. പിന്നീട് സുജാത ചെയ്യുന്നതിനെല്ലാം കൂട്ടുനില്‍ക്കുന്ന സതീശന്‍ ലൂക്ക് അവളെത്തേടി വരില്ലെന്ന് ഉറപ്പിക്കുന്നുണ്ട്.

ദിലീപ് മരണം സംബന്ധിച്ച കേസില്‍ ലൂക്ക് സ്റ്റേഷനില്‍ കീഴടങ്ങുമ്പോഴും ഇയാള്‍ക്ക് ഈ നാട്ടുകാരെ പറ്റിച്ച് മതിയായില്ലേ എന്നാണ് സതീശന്‍ പറയുന്നത്. അതായത് സതീശന് അറിയാം ദിലീപിനെ കൊന്നത് ലൂക്കല്ലെന്ന്. താന്‍ ഇപ്പോഴും പിടിക്കപ്പെട്ടില്ല എന്ന സതീശന്റെ സന്തോഷവും കൂടി ഈ ഡയലോഗില്‍ നിന്ന് വായിച്ചെടുക്കാവുന്നതല്ലേ എന്നാണ് കുറിപ്പുകളിലുള്ള ചോദ്യം.

Content Highlight: Discussions are rife that Dileep was killed and it could be Luke or Satheesan