[] ന്യൂദല്‍ഹി: രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സംബന്ധിച്ച് ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

സാമുദായിക കലാപങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. അതേസമയം ഭക്ഷ്യസുരക്ഷയുടെ പേരില്‍ വോട്ട് തേടിയ കോണ്‍ഗ്രസ് ആണ് ദരിദ്രരെ മറന്ന് ലോകവ്യാപാര കരാറില്‍ ഒപ്പിട്ടതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളത്തിന് ഇടയാക്കിയേക്കും.

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ നടക്കുമ്പോള്‍ അതേക്കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നിഷ്പക്ഷത പാലിക്കേണ്ട സ്പീക്കര്‍ പോലും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്. ചര്‍ച്ച വേണമെന്ന് താനടക്കമുള്ള പല നേതാക്കളും സഭയില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ സമീപകാലത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തവയെന്ന രാഹുലിന്റെ ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാവപ്പെട്ടവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. രാഷ്ട്രീയലാഭത്തിന് വേണ്ടി ഭിന്നതയുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ഗാന്ധി ആശ്യപ്പെട്ടിരിന്നു.

വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.  എന്നാല്‍ കലാപങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം.