നസ്‌ലെനും സന്ദീപുമൊക്കെ കൃത്യമായ പ്ലാനിങ്ങിലാണ്; അനാവശ്യ വിവാദങ്ങളില്‍ പെടാതെ ക്രാഫ്റ്റില്‍ ഫോക്കസ് ചെയ്യുന്നവരാണവര്‍: വിനീത് ശ്രീനിവാസന്‍
Movie Day
നസ്‌ലെനും സന്ദീപുമൊക്കെ കൃത്യമായ പ്ലാനിങ്ങിലാണ്; അനാവശ്യ വിവാദങ്ങളില്‍ പെടാതെ ക്രാഫ്റ്റില്‍ ഫോക്കസ് ചെയ്യുന്നവരാണവര്‍: വിനീത് ശ്രീനിവാസന്‍
അക്ഷര
Wednesday, 1st July 2026, 6:20 pm

പുതിയ തലമുറയിലെ നടന്മാരുടെ കരിയര്‍ പ്ലാനിങ്ങിനെക്കുറിച്ചും സിനിമയിലെ നിലനില്‍പ്പിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

കൃത്യമായ ലക്ഷ്യബോധത്തോടെയാണ് പുതുതലമുറയിലെ പലരും സിനിമയിലേക്ക് എത്തുന്നതെന്നും അവരുടെ ജേര്‍ണി കാണുമ്പോള്‍ തന്നെ അത് മനസിലാകുമെന്നും വിനീത് പറഞ്ഞു.

മലയാളത്തിലെ പുതിയ തലമുറയിലെ താരങ്ങളായ നസ്‌ലെന്‍, സന്ദീപ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ ഉദാഹരണമാക്കിയായിരുന്നു വിനീത് സംസാരിച്ചത്. എന്നാല്‍ വലിയ സക്‌സസ് കിട്ടുമ്പോള്‍ കൈവിട്ടുപോകുന്നവരും ഉണ്ടെന്നും വിനീത് പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘ഇപ്പോള്‍ നസ്‌ലെനെ നോക്കൂ. ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലൂടെ വന്ന് കൃത്യമായ സിനിമകള്‍ തെരഞ്ഞെടുത്ത് അവന്‍ മുന്നോട്ട് പോകുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് അര്‍ജുന്‍ അശോകന്‍.

നസ്‌ലെന്‍

ഒരു നടന്‍ എന്ന രീതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പല സിനിമകളും അദ്ദേഹത്തിനുണ്ട്. ഓണ്‍ ആന്‍ഡ് ഓഫ് ആയി അദ്ദേഹത്തിന്റെ നല്ല സിനിമകള്‍ വരുന്നുണ്ട്. അതുപോലെ ‘പടക്കളം’ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനം നടത്തിയ സന്ദീപ്. ആ സിനിമ കണ്ട് ഞാന്‍ അവനെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു.

അര്‍ജുന്‍ അശോകന്‍

ആ ഒരു ഗോളോട് കൂടി വരുന്ന ആളുകള്‍ ഉണ്ട്. നമുക്കത് കാണുമ്പോള്‍ അറിയാലോ. ഇടപെടുമ്പോള്‍ അറിയാലോ അനാവശ്യമായ വിവാദങ്ങള്‍ എന്റെ പേരില്‍ ഉണ്ടാകാന്‍ പാടില്ല, എന്റെ ഫോക്കസ് എന്റെ ക്രാഫ്റ്റില്‍ തന്നെയായിരിക്കണം, ആളുകളോട് സംസാരിക്കുമ്പോള്‍ മാന്യമായി തന്നെ സംസാരിക്കണം, ഇതൊക്കെ മനസില്‍ വെച്ചുകൊണ്ട് കോണ്‍ഷ്യസ് എഫേര്‍ട്ട് എടുത്തിട്ട് വരുന്നയാളുകളെ കാണുമ്പോള്‍ നമുക്കറിയാന്‍ പറ്റും ഇയാള്‍ ഒരു ജേര്‍ണി പ്ലാന്‍ ചെയ്യുന്നുണ്ട് എന്ന്.

അല്ലാത്ത ആളുകളാണ് കൈ വിട്ടുപോകുന്നത്. പെട്ടെന്ന് സക്‌സസ് ഉണ്ടാകുമ്പോള്‍ കൈവിട്ടു പോകും. അങ്ങനത്തെ ആള്‍ക്കാര്‍ എല്ലാ കാലത്തും ഉണ്ട്. അങ്ങനെ അല്ലാതെ കൃത്യമായി പ്ലാന്‍ ഇട്ട് പോകുന്നവരാണ് ഇവരൊക്കെ.

സന്ദീപ്,

സിനിമയിലായാലും ജീവിതത്തിലായാലും എല്ലാവരും ‘ലോഞ്ചിവിറ്റി’ മനസ്സില്‍ വെക്കണമെന്നാണ് വിനീതിന്റെ പക്ഷം. പത്ത് വര്‍ഷം മുന്‍പേ കാര്യങ്ങള്‍ കാണണം. 10 വര്‍ഷം കഴിഞ്ഞാലും ഞാന്‍ ഇവിടെയുണ്ടാകണം എന്ന് ചിന്തിക്കണം. തനിക്ക് കരിയറില്‍ ഭയങ്കര പ്ലാനിങ് ആയിരുന്നുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

തന്റെ സുഹൃത്തുക്കളുടെ വലിയ സ്വപ്നങ്ങളെക്കുറിച്ചും വിനീത് സംസാരിച്ചു: ‘എന്റെ ഒരു സുഹൃത്തുണ്ട്, പേര് പറയുന്നില്ല. ഞങ്ങളെല്ലാവരും ഒരു ദിവസം ഫ്‌ലാറ്റിന്റെ ടെറസില്‍ നില്‍ക്കുമ്പോള്‍ അവന്‍ താഴോട്ട് നോക്കുകയാണ്. എന്താണ് നോക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘എനിക്ക് ഒരു ദിവസം ഇവിടെ നിന്ന് താഴെയുള്ള മാധ്യമങ്ങളെ നോക്കണം’ എന്നായിരുന്നു അവന്റെ മറുപടി. 20ാമത്തെ വയസില്‍ അത് കേട്ടപ്പോള്‍ എനിക്കുണ്ടായ ഫീല്‍ ആലോചിച്ചു നോക്കൂ.

അങ്ങനെയുള്ള വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍ എന്റെ ചുറ്റിലുമുണ്ടായിരുന്നു. അവരൊക്കെ ഇന്ന് നന്നായി വളര്‍ന്നിട്ടുണ്ട്, എല്ലാവര്‍ക്കും സക്‌സസ് കിട്ടിയിട്ടുണ്ട്. കൂട്ടത്തില്‍ നമ്മളും തരക്കേടില്ലാതെ പോകുന്നുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Director Vineeth Sreenivasan about Naslen and Sandeep