എന്ന് നിന്റെ മൊയ്തീന്‍, ഗോദ, കുഞ്ഞിരാമായണം എന്നീ സിനിമകളിലൂടെ സംവിധാന സഹായിയായ ആളാണ് ജിതിന്‍ ലാല്‍. ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണത്തിലൂടെയാണ് ജിതിന്‍ സ്വതന്ത്രസംവിധായകനാകുന്നത്. ത്രീ.ഡിയില്‍ ഒരുങ്ങുന്ന ചിത്രം മൂന്ന് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ടൊവിനോ മൂന്ന് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ചര്‍ച്ചയായിരുന്നു.

ചെറുപ്പം മുതല്‍ താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് ജിതിന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ടൊവിനോ ജിതിന്‍ ലാല്‍ എന്ന പേരിന് പിന്നിലുള്ള കഥ വെളിപ്പെടുത്തിയത്. ജിതിന്റെ അച്ഛന്റെ പേര് തങ്കപ്പന്‍ നായര്‍ എന്നാണെന്നും ലാല്‍ എവിടെ നിന്ന് വന്നെന്നും ജിതിനോട് ചോദിച്ചു.

ചെറുപ്പം മുതല്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനായിരുന്നു താനെന്ന് ജിതിന്‍ പറഞ്ഞു. സ്‌കൂളില്‍ ചേര്‍ക്കാന്‍ എന്താണ് പേരെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞത് മോഹന്‍ലാല്‍ എന്നായിരുന്നുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. ആ പേര് ശരിയാവില്ലെന്നും അച്ഛന്റെയോ അമ്മയുടെയോ പേരുമായി യാതൊരു സാമ്യവുമില്ലാത്ത പേരാണെന്നും അത് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ ബുദ്ധിയാണ് ജിതിന്‍ ലാല്‍ എന്ന പേരെന്നും ജിതിന്‍ പറഞ്ഞു. ഇന്നും മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണ് താനെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇവന്റെ ശരിക്കുള്ള പേര് ജിതിന്‍ എന്നാണ്. അച്ഛന്റെ പേര് തങ്കപ്പന്‍ നായര്‍. ഈ ലാല്‍ എവിടെനിന്ന് വന്നു? അവന്‍ തന്നെ ആ കഥ പറയും,’ ടൊവിനോ പറഞ്ഞു.

‘കുട്ടിക്കാലം മുതലേ ലാലേട്ടന്റെ കട്ട ഫാനാണ്. സ്‌കൂളില്‍ ചേര്‍ക്കാന്‍ നേരത്താണല്ലോ നമ്മുടെ പേര് ഒഫിഷ്യലായി ഒരിടത്ത് പറയേണ്ടി വരുന്നത്. ഒരു സിസ്റ്റര്‍ എന്നോട് പേര് ചോദിച്ചപ്പോള്‍ ഞാന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു. ‘അത് ശരിയാവില്ല, അച്ഛന്റെയും അമ്മയുടെയും പേരുമായി എന്തെങ്കിലും സാമ്യം വേണം’ എന്ന് അവര്‍ പറഞ്ഞു.

അപ്പോള്‍ അച്ഛന്റെ ബുദ്ധിയില്‍ വന്ന പേരാണ് ജിതിന്‍ ലാല്‍. അവരിട്ട പേരും എനിക്കിഷ്ടമുള്ള പേരും ഒന്നിച്ച് വന്നു. ഇന്നും ലാലേട്ടനോടുള്ള ആരാധന ഒട്ടും കുറഞ്ഞിട്ടില്ല,’ ജിതിന്‍ ലാല്‍ പറഞ്ഞു.

Content Highlight: Director Jithin Lal saying he is a hardcore fan of Mohanlal