‘ബെത്ലഹേം കുടുംബയൂണിറ്റ്’ ഷൂട്ടിനിടെയാണ് മമിത ബൈജു നായികയായ തമിഴ് ചിത്രം ‘വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങുന്നതെന്നും പാട്ട് കണ്ടപ്പോള്‍ ഇത് മമിത തന്നെയാണോ എന്ന് തോന്നിപ്പോയെന്നും സംവിധായകന്‍ ഗിരീഷ് എ.ഡി.

രണ്ട് ചിത്രങ്ങളിലും മമിത അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തമ്മിലുള്ള വലിയ വ്യത്യാസമാണ് തന്നെ അമ്പരപ്പിച്ചതെന്നും ഗിരീഷ് പറയുന്നു.

‘ബെത്‌ലഹേം ഷൂട്ടിനിടെ മമിതയോട് കഥാപാത്രത്തിന്റെ കാര്യത്തില്‍ നമുക്ക് ഒന്നും പറയേണ്ടി വന്നിട്ടില്ല. നടത്തവും പരിപാടികളുമൊക്കെ ഭയങ്കര പ്രൊഫഷണലാണ്. അത്  എടുത്തുപറയേണ്ടതാണ്. ‘കമീലിയന്‍ ലൈക്ക് ആക്ട്രസ്’ എന്ന് അടുത്തിടെ അവരെക്കുറിച്ച് ആരോ പറഞ്ഞിരുന്നു. വേര്‍സറ്റൈല്‍ എന്ന് പറഞ്ഞാല്‍ പോര, അതിനും മുകളിലാണ് മമിത,’ ഗിരീഷ് എ.ഡി പറഞ്ഞു.

‘തൊട്ടുമുമ്പ് ഇറങ്ങിയ ‘വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്’ലെ ആളല്ല ‘ബെത്ലഹേമി’ലെ ആഷ്ലി. ബെത്ലഹേം ഷൂട്ടിനിടെയാണ് വിശ്വനാഥനിലെ പാട്ടിറങ്ങുന്നത്. ‘അയ്യോ, ഇത് മമിത തന്നെയാണോ?’ എന്ന് തോന്നിപ്പോയി.

അതിലെ ക്യാരക്ടര്‍ തന്നെ വേറെയാണല്ലോ. നമ്മള്‍ ഇത്രയും ദിവസം ഇവളെ ഇങ്ങനെ കണ്ടിട്ട് പെട്ടെന്ന് വേറൊരു രീതിയില്‍ കാണുമ്പോള്‍ ഭയങ്കര കോണ്‍ട്രാസ്റ്റാണ്. അത് മമിതയെപ്പോലെ ഒരാള്‍ക്ക് മാത്രമേ പറ്റൂ എന്ന് തോന്നുന്നു,’ അദ്ദേഹം പറഞ്ഞു.

മമിത നല്ലൊരു അഭിനേത്രിയാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും, ഓരോ സിനിമയിലും കൂടുതല്‍ മെച്ചപ്പെട്ടുവരുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും ഗിരീഷ് പറഞ്ഞു.

‘പുള്ളിക്കാരി ഇങ്ങനെ ഇംപ്രൂവ് ആയി വരുന്നത് കാണുമ്പോള്‍ വലിയ അഭിമാനമുണ്ട്. പുള്ളിക്കാരിയെ മാത്രം സോളോ ഹീറോ ആക്കി ഒരു പടം വേണമെങ്കിലും ചെയ്യാം. അവരെ അഭിനയിപ്പിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഷൂട്ടിങ് തലവേദന പിടിച്ച പരിപാടിയാണ്. പക്ഷേ മമിതയെ വെച്ച് ചെയ്യുമ്പോള്‍ അത് കംഫര്‍ട്ടാണ്,’ ഗിരീഷ് പറഞ്ഞു.

അഭിനേതാക്കളുടെ പ്രകടനത്തെ അമിതമായി നിയന്ത്രിക്കുന്ന രീതിയോട് തനിക്ക് താത്പര്യമില്ലെന്നും ഗിരീഷ് എ.ഡി വ്യക്തമാക്കി. മമിതയെയും നിവിന്‍ പോളിയെയും കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് അനുസരിച്ച് പെരുമാറാന്‍ അനുവദിക്കുകയായിരുന്നു ചെയ്തതെന്നും ഗിരീഷ് പറയുന്നു.

‘മമിതയായാലും നിവിന്‍ ചേട്ടനായാലും ഇന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ സെറ്റാണ്. നമ്മള്‍ വലുതായി ഇടപെടേണ്ടി വരില്ല. കഥാപാത്രം ഇങ്ങനെ തന്നെ പെരുമാറണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അത് അവര്‍ക്കും നമുക്കും ബുദ്ധിമുട്ടാണ്,’ ഗിരീഷ് പറഞ്ഞു.

ആഷ്ലിയോട് എങ്ങനെ നടക്കണം, കൈ എടുക്കണം, കാലെടുക്കണം എന്നൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പകരം കഥാപാത്രത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങള്‍ മാത്രമാണ് പറയാറുള്ളത്.

അഭിനേതാക്കളുടെ കേസില്‍ ചില മാനറിസങ്ങള്‍ പറയും. ചേട്ടാ മുണ്ട് മടക്കിക്കുത്തിയാല്‍ നന്നായിരിക്കും, സിഗരറ്റ് വലിച്ചാല്‍ നല്ലതായിരിക്കും എന്നുള്ള രീതിയില്‍. ബ്രീഫ് കൊടുക്കുക എന്നതാണ്. പിന്നെ ഇവര്‍ക്കൊക്കെ എക്‌സ്പീരിയന്‍സ്ഡ് ആക്ടേഴ്‌സിന്റെ ഗുണമുണ്ടാകും. നമ്മള്‍ ഒട്ടും അവരെ മൈക്രോ മാനേജ് ചെയ്യാന്‍ പോകാതിരിക്കുമ്പോള്‍ തന്നെ അവരില്‍ നിന്നുള്ളത് കിട്ടും,’ ഗിരീഷ് എ.ഡി പറഞ്ഞു.

മമിത നേരത്തെ തന്നെ തനിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളതിനാല്‍ ആദ്യ ദിവസം മുതല്‍ തന്നെ കഥാപാത്രത്തിലേക്ക് ഇന്‍ ആയിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം, നിവിന്‍ പോളിയുടെ കാര്യത്തില്‍ തുടക്കത്തില്‍ തനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നുവെന്നും ഗിരീഷ് വെളിപ്പെടുത്തി.

‘നിവിന്‍ ചേട്ടന്റെ കാര്യത്തിലായിരുന്നു പേടി. ഇന്‍ ആവാന്‍ എത്ര സമയമെടുക്കുമെന്ന ടെന്‍ഷനുണ്ടായിരുന്നു. ഒരുപാട് ടേക്കൊക്കെ പോയിക്കഴിഞ്ഞാല്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുമോ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു. പക്ഷേ അധികം ടേക്കുകളൊന്നും പോകേണ്ടി വന്നിട്ടില്ല,’ ഗിരീഷ് പറഞ്ഞു.

അഭിനേതാക്കളെ കൂടുതല്‍ നിയന്ത്രിക്കുന്നത് തനിക്കും ഇഷ്ടമല്ലെന്നും, അങ്ങനെ ചെയ്താല്‍ പെര്‍ഫോമന്‍സിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Girish AD about Actress mamitha Baiju and her Potential