ഇന്ത്യയിലെ ആദ്യ മള്‍ട്ടിവേഴ്സ് സൂപ്പര്‍ഹീറോ ചിത്രവുമായി നിവിന്‍ പോളി, 80 ശതമാനം പ്രീ-പ്രൊഡക്ഷന്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍
Malayalam Cinema
ഇന്ത്യയിലെ ആദ്യ മള്‍ട്ടിവേഴ്സ് സൂപ്പര്‍ഹീറോ ചിത്രവുമായി നിവിന്‍ പോളി, 80 ശതമാനം പ്രീ-പ്രൊഡക്ഷന്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍
അമര്‍നാഥ് എം.
Wednesday, 29th July 2026, 5:25 pm

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ മള്‍ട്ടിവേഴ്സ് സൂപ്പര്‍ഹീറോ ചിത്രത്തില്‍ നായകനാകുകയാണ് നിവിന്‍ പോളി. ആദിത്യന്‍ ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മള്‍ട്ടിവേഴ്സ് മന്മഥന്‍ എന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ കൗതുകമാണ് സൃഷ്ടിച്ചത്. മള്‍ട്ടിവേഴ്സ് മന്മഥന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് പലവിധ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ചിത്രം മുന്നോട്ടുപോകുന്നില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു.

 

എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്കിടെ സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണെന്നും, പ്ലൂട്ടോയുടെ റിലീസിന് ശേഷം വീണ്ടും ജോലികള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി സംവിധായകന്‍ ആദിത്യന്‍ ചന്ദ്രശേഖര്‍. നിവിന്‍ പോളി നായകനാകുന്ന മള്‍ട്ടിവേഴ്സ് മന്മഥന്‍ ഒരുക്കുന്നതിനെക്കുറിച്ചും ചിത്രത്തിന്റെ പുരോഗതിയെക്കുറിച്ചും പ്ലൂട്ടോയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായി കൊണ്ടാണ് പ്രീ പ്രൊഡക്ഷന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതൊരു വലിയ സിനിമയാണ്. അതുകൊണ്ട് തന്നെ ഘട്ടങ്ങളായി കൊണ്ടുള്ള ഒരു സമീപനം ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. ഇപ്പോള്‍ മന്മഥന്റെ പ്രീ പ്രൊഡക്ഷന്റെ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞു.

ഒരു 80 ശതമാനം കഴിഞ്ഞെന്ന് പറയാം. ഇനി അടുത്ത ഒരു ഘട്ടം കൂടി ബാക്കിയുണ്ട്. പ്ലൂട്ടോയുടെ റിലീസ് കാരണം ഇപ്പോള്‍ അതിന് ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. റിലീസ് കഴിഞ്ഞ ഉടനെ സിനിമയുടെ അടുത്ത ഘട്ടം ആരംഭിക്കും. ഇനി കുറച്ച് മാസത്തെ പരിപാടി കൂടി അതിന് ബാക്കിയുണ്ട്’

സൈ-ഫൈ അല്ലെങ്കില്‍ മള്‍ട്ടിവേഴ്സ് പോലുള്ള ഴോണറില്‍ ഒരുക്കുന്ന സിനിമകള്‍ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാന്‍. നിവിനും ഇങ്ങനെ മള്‍ട്ടിവേഴ്സ് പരിപാടി ഒക്കെ ഇഷ്ട്ടപെടുന്ന ഒരാളാണ്. അതുകൊണ്ട് മള്‍ട്ടിവേഴ്സിനെ ക്കുറിച്ച് കൂടുതല്‍ എനിക്ക് നിവിന്‍ പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കഥ ഒന്ന് നരേറ്റ് ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. മന്മഥന്‍ ഒരു റൂട്ടഡ് സൂപ്പര്‍ഹീറോ മൂവിയാണ്. കുറച്ചുകൂടെ എപ്പിക് ഫീല്‍ കൊണ്ട് വരാനാണ് നമ്മള്‍ ശ്രമിക്കുന്നതെന്നും ആദിത്യന്‍ പറഞ്ഞു.

മള്‍ട്ടിവേഴ്സ് മന്മഥന്റെ വി.എഫ്.എക്‌സ് ടീം തന്നെയാണ് പ്ലൂട്ടോയുടെ വി.എഫ്.എക്സും ചെയ്യുന്നത്. മന്മഥന് വേണ്ടിയായിരുന്നു അവര്‍ ജോയിന്‍ ചെയ്തത്. ആ സിനിമയുടെ ഇടയിലാണ് പ്ലൂട്ടോ വരുന്നത്.അങ്ങനെ പ്ലൂട്ടോയുടെ വി.എഫ്.എക്സും ആ ടീം തന്നെ ചെയ്യുകയായിരുന്നു. അത് കൊണ്ട് തന്നെ ടീമിന് ഇതൊരു മുന്നൊരുക്കവും പരിശീലനം കൂടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും ചന്ദ്രികേ എന്ന സിനിമയ്ക്കു ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് പ്ലൂട്ടോ. നീരജ് മാധവ്, അല്‍ത്താഫ് സലിം, ആര്‍ഷ ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമകൂടിയാണിത്. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന സിനിമ ജൂലൈ 30 ന് തിയേറ്ററുകളിലെത്തും.

Content Highlight: Director Adithyan Chandrasekharan about Multiverse Manmadhan movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം