ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയാകുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3. ജോര്‍ജുകുട്ടിയും അഞ്ജുവും പ്രഭാകറും സഹദേവനും എന്ന് വേണ്ട സിനിമയില്‍ വന്നവരും നിന്നവരുമൊക്കെ ഒരു പോലെ ട്രോള്‍ പേജുകള്‍ക്ക് ഇരയാകുന്നുണ്ട്. ഇക്കൂട്ടത്തിലെ പുതിയ എന്‍ട്രിയാണ് ദിനേഷ് പ്രഭാകര്‍ അവതരിപ്പിച്ച രാജന്‍ എന്ന കഥാപാത്രം.
മലയാള സിനിമയിലെ എക്കാലത്തെയും ‘ക്രൂരനും ഭീകരനുമായ പ്രതികാരദാഹി’യായാണ് ട്രോളന്‍മാര്‍ രാജനെ പ്രഖ്യാപിച്ചിരിക്കുന്നത്.
തന്റെ ജീവിതം തകര്‍ക്കുകയും മകളെ രോഗിയാക്കുകയും ചെയ്ത ജോര്‍ജ്കുട്ടിക്കിട്ട് പണി കൊടുക്കാന്‍, അയാളുടെ നിഴലായി കൂടെ നടന്നിട്ടും വലിയ ‘ബുദ്ധിശൂന്യത’യൊന്നും കാണിക്കാന്‍ രാജന്‍ മുതിര്‍ന്നില്ലെന്നാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍.
സാധാരണ പ്രതികാര കഥകളിലെ വില്ലന്മാര്‍ ചെയ്യുന്നതുപോലെയുള്ള തരംതാണ പരിപാടികള്‍ക്കൊന്നും നമ്മുടെ രാജനണ്ണന്‍ നിന്നുകൊടുത്തില്ല എന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മാന്യനായ ഒരു പ്രതികാരദാഹിക്ക് ചേര്‍ന്ന ചില വേറിട്ട വഴികളായിരുന്നു രാജന്റേതെന്നും ഇവര്‍ പറയുന്നു.
വാഹനം കേടാക്കല്‍- കേബിള്‍ ഓഫീസിലെ വണ്ടി പഞ്ചറാക്കാനോ, ജോര്‍ജുകുട്ടിയുടെ കാറില്‍ ആണി വെച്ച് വരയിടാനോ രാജന്‍ തുനിഞ്ഞില്ല.
വീട്ടുകാരെ ഉപദ്രവിക്കല്‍- റാണിയും അഞ്ജുവും കുളിച്ചുവരുമ്പോള്‍ കുളിമുറിയുടെ മുന്നില്‍ എണ്ണ ഒഴിക്കുക, പിന്നില്‍ നിന്ന് തള്ളിയിടുക തുടങ്ങിയ സീരിയല്‍ ലെവല്‍ പ്ലാനുകളൊന്നും രാജന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു.
കുടുംബം കലക്കല്‍- രാത്രി വന്ന് ജോര്‍ജ്കുട്ടിയുടെ വീട്ടിലെ ഫ്യൂസ് ഊരുക, കുട്ടികളുടെ ഫോണ്‍ ചാര്‍ജര്‍ ഒളിപ്പിച്ചു വെക്കുക തുടങ്ങിയ ചില്ലറ കള്ളത്തരങ്ങള്‍ രാജന്‍ മൈന്‍ഡ് ചെയ്തില്ല.
തീയേറ്ററിലെ കൂവല്‍- എല്ലാം പോട്ടെ, ജോര്‍ജ്കുട്ടി കാശുമുടക്കി നിര്‍മ്മിച്ച സിനിമ തീയേറ്ററില്‍ പോയി കാശുകൊടുത്ത് ടിക്കറ്റെടുത്ത് കൂവി തോല്‍പ്പിക്കാന്‍ പോലും രാജന്‍ മെനക്കെട്ടില്ല!
‘മകളുടെ കല്യാണം മുടക്കുക, അതിലൂടെ ജോര്‍ജ്കുട്ടിയെ മാനസികമായി തളര്‍ത്തി ശരശയ്യയിലാക്കുക!’ലോകചരിത്രത്തിലെ ആ ‘അപൂര്‍വ’ പ്രതികാരം. ഇതായിരുന്നു രാജന്റെ ആ മാസ്റ്റര്‍ പ്ലാന്‍.
ഒരു മനുഷ്യന്റെ ജീവിതം തകര്‍ത്തവനോട് പ്രതികാരം ചെയ്യാന്‍, അയാളുടെ മകളുടെ കല്യാണം മുടക്കാന്‍ വേണ്ടി മാത്രം സ്വന്തം ജീവിതം മാറ്റിവെച്ച ഇങ്ങനെയൊരു പ്രതികാരദാഹി ലോക സിനിമയില്‍ പോയിട്ട് ലോകചരിത്രത്തില്‍ തന്നെ വേറെയുണ്ടാകുമോ എന്നാണ് ട്രോള്‍ പേജുകള്‍ ചോദിക്കുന്നത്.
ജോര്‍ജ്കുട്ടിയുടെ ബുദ്ധിക്ക് മുന്നില്‍ കൊമ്പന്മാരായ പൊലീസുകാര്‍ പോലും പതറിയപ്പോള്‍, രാജനണ്ണന്റെ ഈ ‘മഹാ പ്രതികാരം’ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. എന്തായാലും ദൃശ്യവും സിനിമയിലെ ഓരോ സീനുകളും ട്രോളന്മാര്‍ അത്രപെട്ടെന്ന് വിട്ടുകളയുന്ന മട്ടില്ല!
Content Highlight: Dinesh Prabhakar Character on Drishyam 3 Trolls