നടന്‍ മുകേഷിന്റെ അഭിനയ ജീവിതത്തിലെ മുന്നൂറാമത് ചിത്രമാണ് ഫിലിപ്പ്‌സ്. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മൂന്നു മക്കളുമൊത്ത് ബാംഗളൂരില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം.
ഇപ്പോള്‍ ആ സിനിമയുടെ വ്യത്യസ്തമായ പ്രൊമോഷന്‍ വീഡിയോസാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ആദ്യ പ്രൊമോഷന്‍ വീഡിയോയില്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള നോബിളിനൊപ്പമുള്ളത് വിനീത് ശ്രീനിവാസനാണ്. രണ്ടാമത്തെ വീഡിയോയില്‍ അജു വര്‍ഗീസും ഏറ്റവും പുതിയ പ്രൊമോഷന്‍ വീഡിയോയില്‍ ധ്യാന്‍ ശ്രീനിവാസനുമാണ് വരുന്നത്.
ആദ്യ വീഡിയോയില്‍ തന്റെ ഫ്‌ളാറ്റിലേക്ക് വന്ന നോബിളിനെ കാണുന്ന വിനീത് ഉടനെ താന്‍ സിനിമ പ്രൊമോഷന്‍ ചെയ്യുകയില്ലെന്ന് പറയുന്നത് കാണിച്ചു കൊണ്ടാണ് ആ വീഡിയോ തുടങ്ങുന്നത്. ഒപ്പം തന്റെ ഒരു ടീഷര്‍ട്ട് കാണാത്ത കാര്യവും വിനീത് പറയുന്നുണ്ട്.
നോബിളിന്റെ ആവശ്യം പൂര്‍ണമായും നിരസിക്കുന്ന വിനീതിന് തന്റെ കൈയിലെ ടീഷര്‍ട്ട് നല്‍കുകയും അവനോട് കുറച്ചുപേര്‍ ഫോട്ടോ എടുക്കാന്‍ വന്നിട്ടുണ്ടെന്ന് പറയുകയുമാണ് നോബിള്‍.
‘പി (P)’ എന്നെഴുതിയ ടീഷര്‍ട്ടുമിട്ട് എത്തുന്ന വിനീതിനെ അവരുടെ കൂടെ നിര്‍ത്തി നോബിള്‍ ഫോട്ടോയെടുക്കുന്നതാണ് വീഡിയോ. അതില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന മറ്റുള്ളവരുടെ ടീഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സ്‌പെല്ലിങ്ങുകള്‍ (PHILIPS) കൂടെയാകുമ്പോള്‍ ആ ഫോട്ടോ സിനിമക്ക് വലിയ പ്രൊമോഷനാവുകയാണ്.
