അഭിനയിച്ച സിനിമകളേക്കാള്‍ അഭിമുഖങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ജീവിതത്തില്‍ നടന്ന പല സംഭവങ്ങളും, വീട്ടിലെ കാര്യങ്ങളുമൊക്കയാണ് താരത്തിന്റെ അഭിമുഖങ്ങളിലെ പ്രധാന വിഷയം. അച്ഛന്‍ ശ്രീനിവാസനും സഹോദരന്‍ വിനീതുമൊക്കെ ഇത്തരം കഥകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.

ഏറ്റവും ഒടുവില്‍ ചെയ്ത ഉടായിപ്പ് എന്തായിരുന്നു എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ധ്യാനിപ്പോള്‍. അടുത്തിടെ താന്‍ അച്ഛനെ പറ്റിക്കാന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ നടന്നില്ലെന്നും താരം പറഞ്ഞു. അച്ഛന്‍ വില്‍ക്കാന്‍ വെച്ച സ്ഥലം ടോക്കണ്‍ നല്‍കി താന്‍ വാങ്ങാമെന്ന് പറഞ്ഞെന്നും എന്നാല്‍ ആ വെള്ളം വാങ്ങിവെച്ചോളന്‍ ശ്രീനിവാസന്‍ പറഞ്ഞെന്നും ധ്യാന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ അടുത്തിടെ ചെയ്ത ഉടായിപ്പ് അച്ഛനെ പറ്റിച്ചതാണ്. അച്ഛന്റെ പേരില്‍ വീടിന്റെ അടുത്ത് തന്നെ ഒരു സ്ഥലമുണ്ട്. ആ സ്ഥലം അച്ഛന്‍ ഏതാണ്ട് ഒന്നര വര്‍ഷത്തിന് മുമ്പാണ് വാങ്ങിക്കുന്നത്. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം പുള്ളി എന്തോ ഒരു ആവശ്യത്തിന് ആ സഥലം കൊടുക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ഞാന്‍ അമ്മയെ വിളിച്ച് പറഞ്ഞു, വേറെ ആര്‍ക്കും കൊടുക്കണ്ട ഞാന്‍ അത് വാങ്ങിച്ചോളാമെന്ന്.

അപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു ടോക്കണ്‍ തരാമെന്ന്. ഇത് കേട്ടപ്പോള്‍ അമ്മ ചോദിച്ചു ടോക്കണോ, അതിന് നിന്റെ കയ്യില്‍ പൈസയുണ്ടോയെന്ന്. എന്തായാലും ടോക്കണായിട്ട് ഞാനൊരു രണ്ട് രൂപ തരാമെന്ന് അമ്മയോട് പറഞ്ഞു. നല്ല വില കിട്ടുന്ന ഒരു സ്ഥലമാണത്. ആ സ്ഥലത്തിനാണ് ഞാന്‍ രണ്ട് ലക്ഷം രൂപ ടോക്കണ്‍ കൊടുക്കാമെന്ന് പറയുന്നത്.

അപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു, സ്ഥലം എന്റെ പേരിലാക്കി തരാന്‍ അച്ഛനോട് പറ പൈസ ഞാന്‍ കുറച്ച് കുറച്ചായി തന്നാല്‍ മതിയല്ലോയെന്ന്. അമ്മ ‘ആഹ് ഓക്കെ’ എന്നൊക്കെ പറഞ്ഞു.  ഇതൊന്ന് അച്ഛനോട് അവതരിപ്പിക്കാന്‍ ഞാന്‍ അമ്മയോട് പറഞ്ഞു. എന്തായാലും ആ സ്ഥലം കൊടുക്കാന്‍ വെച്ചിരിക്കുന്നതാണ്. കൊടുക്കാന്‍ വെച്ചിരിക്കുന്ന ഒരു സഥലം മകന്‍ തന്നെ വാങ്ങിക്കുന്നു. അതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ലല്ലോ.

ഞാനാണെങ്കില്‍ ടോക്കണ്‍ കൊടുക്കാമെന്നും പറഞ്ഞു. അമ്മ ഈ കാര്യം അച്ഛനോട് പറയാന്‍ പോയി. ഒരു മിനിട്ട് കഴിയുന്നതിന് മുമ്പ് തന്നെ അമ്മ തിരിച്ച് വന്നു. ആ വെള്ളമങ്ങ് വാങ്ങി വെച്ചാല്‍ മതിയെന്ന് അച്ഛന്‍ പറയുകയും ചെയ്‌തെന്ന് പറഞ്ഞു. എന്തായാലും അപ്പോള്‍ തന്നെ മറുപടി കിട്ടി,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

 

CONTENT HIGHLIGHT: DHYAN SREENIVASAN TALKS ABOUT HIS FATHER SREENIVASAN