മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അജു വർഗീസും ധ്യാൻ ശ്രീനിവാസനും. പലപ്പോഴും സിനിമകളിൽ ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കാൾ, അവരുടെ യഥാർത്ഥ സ്വഭാവവും ഹാസ്യബോധവുമാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാണാൻ വലിയൊരു ആരാധകവൃന്ദം കാത്തിരിക്കാറുണ്ട്.
പുതിയ ചിത്രമായ ‘പ്രതിച്ഛായ’യുടെ വിശേഷങ്ങൾ പങ്കുവെക്കാനെത്തിയ നിവിൻ പോളിയെയും ഷറഫുദ്ദീനെയും അജു വർഗീസും ധ്യാൻ ശ്രീനിവാസനും ചേർന്ന് അഭിമുഖം നടത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. പരസ്പരം ട്രോളുന്നതും തമാശ നിറഞ്ഞതുമായ ഈ ഇന്റർവ്യൂ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമായിരുന്നു ഇത്. സൗഹൃദപരമായ സംഭാഷണങ്ങളും സ്വാഭാവികമായ തമാശകളും നിറഞ്ഞ ഈ വീഡിയോ, താരങ്ങളുടെ ഓഫ്-സ്ക്രീൻ കെമിസ്ട്രി വീണ്ടും തെളിയിക്കുന്നതായി ആരാധകർ വിലയിരുത്തുന്നു.
എന്നാൽ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസനും അജു വർഗീസും തമ്മിലുള്ള ട്രോളുകളും തമാശകളും തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
അജു വിളിച്ചപ്പോൾ ധ്യാൻ ഫോൺ എടുക്കാതെ പോയ കഥയും, നയൻതാര അജുവിനോട് പറഞ്ഞ കാര്യങ്ങളും ഇരുവരും രസകരമായി പങ്കുവെച്ചത് വൈറലായി.
അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ , Photo: IMDb
‘ഡിയർ സ്റ്റുഡന്റിന്റെ ലൊക്കേഷനിൽ നയൻതാര മാഡം ഉണ്ട്, നിവിൻ പോളി ഉണ്ട്. ഞാനും അതിലേക്ക് ചുമ്മാ ഒന്ന് പോയി. പുള്ളിക്കാരി എന്നോട് നന്നയി സംസാരിച്ചു, എനിക്ക് വടയൊക്കെ തന്നു.
അതിന് ശേഷം പുള്ളിക്കാരിയും നിവിനും കൂടി ‘ലവ് ആക്ഷൻ ഡ്രാമ’യുടെ സെക്കന്റ് പാർട്ട് ചെയ്താലോയെന്ന് ചോദിച്ചു. ഞാൻ വീണ്ടും ചോദിച്ചു ശരിക്കും ഉദ്ദേശിക്കുന്നുണ്ടോയെന്ന്, അവർ ‘ഉണ്ട്’ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ നിവിനോട് പറഞ്ഞപ്പോൾ അവനും ഒകെ പറഞ്ഞു. തുടർന്ന് ഞങ്ങൾ ധ്യാനിനെ വിളിച്ചു, പക്ഷേ അവൻ ഫോൺ എടുത്തില്ല,’ അജു പറഞ്ഞു.
അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ , Photo: IMDb
എന്നാൽ ഇതിന് ധ്യാൻ നൽകിയ മറുപടിയാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. ‘ആ സമയം ഞാൻ കോൾ എടുത്തില്ല എന്നല്ല, എന്തോ ഉറക്കത്തിൽ തലയിൽ ഇടുത്തി വീഴുന്ന പോലെ ഒരു ഫീലായിരുന്നു. ആരോ എന്നെ കുറിച്ച് സംസാരിക്കുന്നു, എന്റെ ജീവിതം നശിക്കാൻ പോകുന്നു എന്നൊരു ഫീലായിരുന്നു. അങ്ങനെ ഫോൺ നോക്കുമ്പോൾ അജു മെസേജ് അയച്ചിട്ടുണ്ട്. ഇവിടെ എല്ലാരും ഉണ്ടെടാ, ഫോൺ എടുക്കടാ’ എന്ന്. ഞാൻ കോൾ എടുത്തില്ല,’ ധ്യാൻ പറഞ്ഞു.
കൂടാതെ, നയൻതാര അടുത്ത പ്ലാൻ എന്തെന്ന് ചോദിച്ചപ്പോൾ, ‘ലവ് ആക്ഷൻ ഡ്രാമ സിനിമ ഒന്നുകൂടി നന്നായി എടുക്കണം’ എന്നായിരുന്നു തന്റെ മറുപടി എന്നും ധ്യാൻ കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.