ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജന്തര്‍മന്ദിറിലേക്ക് എത്തിയ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. ദല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജന്തര്‍മന്ദിറില്‍ എത്തിയവരുടെ അടുത്തേക്ക് വന്നതായിരുന്നു മുഖ്യമന്ത്രി.[]

എന്നാല്‍ ഷീലാ ദീക്ഷിത് തങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി ജന്ദര്‍മന്ദിറില്‍ നിന്നും മടങ്ങിപ്പോയി.

പെണ്‍കുട്ടി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജനം സംയമനം പാലിക്കണമെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ദല്‍ഹി മുഖ്യമന്ത്രിയെന്ന നിലയിലും ഇന്ത്യന്‍ പൗരനെന്ന നിലയിലും ഇത് നാണക്കേടിന്റെ ദിവസമാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു

സമാധാനം നിലനിര്‍ത്താന്‍ ജനം സഹകരിക്കണം.  ഇതുപോലെയുള്ള സംഭവം ഇനി ദല്‍ഹിയില്‍ ഉണ്ടാകാതെ ഇരിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ജ്യോതി മരിച്ച പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയ അധികൃതര്‍, ന്യൂദല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ മരണത്തോട് മല്ലിടുകയായിരുന്ന യുവതി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ബലാത്സംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വന്‍ ജനകീയപ്രക്ഷോഭത്തിനാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. ഒട്ടേറെ തവണ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു പോലീസുകാരന്‍ മരിക്കുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന റെയ്‌സീന കുന്ന്, ഇന്ത്യാഗേറ്റ്, ജന്തര്‍മന്തര്‍ തുടങ്ങിയിടത്തെല്ലാം വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യാഗേറ്റ് പരിസരത്തേക്ക് ജനങ്ങളെത്തുന്നത് തടയാന്‍ പത്ത് മെട്രോ സ്‌റ്റേഷനുകള്‍ രാവിലെ മുതല്‍ അടച്ചിട്ടു. ജനങ്ങള്‍ ആത്മസംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും അഭ്യര്‍ത്ഥിച്ചു.

ദല്‍ഹിയില്‍ മാത്രമല്ല മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.