ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന ദീപിക പദുകോണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. രാജ്യത്തിന് ഒരു മികച്ച ഉദാഹരണമാണ് രാഹുലെന്നും അദ്ദേഹം ഒരിക്കല്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപിക ഡി.ഡി ന്യൂസില്‍ നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുന്നതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

‘രാജ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ദീപിക അഭിമുഖത്തില്‍ പറഞ്ഞു.

രാഹുലിന് യുവാക്കളുമായി മികച്ച രീതിയില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് തോന്നുന്നു അദ്ദേഹത്തിന് യുവാക്കളുമായി നല്ല രീതിയില്‍ ബന്ധമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി ചിലപ്പോള്‍ പഴയതാകാം, പക്ഷെ അതേസമയം ഭാവിയുള്ളതുമാണ്,’ ദീപിക പറഞ്ഞു.

നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുമായി ബന്ധപ്പെട്ട് ദീപിക പദുകോണിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദീപിക പദുകോണിന്റെ പഴയ വീഡിയോ വൈറലാകുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത്.

സെപ്തംബര്‍ 23നാണ് എന്‍സിബി ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസയച്ചത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിലാണ് ദീപികയടക്കമുള്ള നടിമാര്‍ക്ക് കത്തയച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deepika Padukone about Rahul Gandhi in an old interview