ടെസ്റ്റില്‍ അവന്‍ ഒരു മാന്ത്രികനാണ്: പ്രശംസയുമായി ദീപ്ദാസ് ഗുപ്ത
Football
ടെസ്റ്റില്‍ അവന്‍ ഒരു മാന്ത്രികനാണ്: പ്രശംസയുമായി ദീപ്ദാസ് ഗുപ്ത
സുദേവ് എ
Wednesday, 19th August 2026, 9:09 am

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ദീപ്ദാസ് ഗുപ്ത. ടെസ്റ്റിലെ പന്തിന്റെ അഗ്രിസീവ് ബാറ്റിങ്ങിനെ കുറിച്ചാണ് ദീപ്ദാസ് ഗുപ്ത സംസാരിച്ചത്.

പന്ത് ഒരു മാന്ത്രികനാണെന്നും പന്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ദീപ്ദാസ് ഗുപ്ത.

‘റിഷബ് പന്തിനെ ആദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അദ്ദേഹത്തെ സ്വന്തം ശൈലിയില്‍ കളിപ്പിക്കണമെന്നാണ്. അദ്ദേഹം ഒരു മാന്ത്രികനാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായ ഒരു താരമാണ് അദ്ദേഹം. അദ്ദേഹത്തെ വിലയിരുത്തുമ്പോഴും നമ്മള്‍ ആ വ്യത്യസം മനസിലാക്കണം. ടെസ്റ്റില്‍ അദ്ദേഹം കഴിവ് തെളിയിച്ച ഒരു മാച്ച് വിന്നറാണ്. പന്തിന്റെ 66 റണ്‍സാണ് ഇന്ത്യയെ ഈ മത്സരത്തില്‍ മികച്ച നിലയിലെത്തിച്ചത്,’ ദീപ്ദാസ് ഗുപ്ത പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ റിഷബ് പന്തിന്റെ ചെറുത്തുനില്‍പാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. എട്ട് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.

രണ്ടാം ഇന്നിങ്‌സില്‍ രണ്ട് സിക്‌സുകള്‍ നേടിയതോടെ ടെസ്റ്റ് കരിയറില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനും പന്തിന് സാധിച്ചു. ഇന്ത്യയ്ക്കായി ഈ വമ്പന്‍ മൈല്‍സ്റ്റോണിലെത്തുന്ന ആദ്യ താരമാണ് റിഷബ് പന്ത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇതുവരെ 100 സിക്സര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ 100 സിക്സര്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായിരിക്കുകയാണ് പന്ത്.

സിക്‌സുകളുടെ റെക്കോഡുകള്‍ക്ക് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും റിഷബ് പന്ത് സ്വന്തമാക്കി. നായകന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നുകൊണ്ടായിരുന്നു പന്തിന്റെ മുന്നേറ്റം. 2872 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം ഇന്ത്യ ഉയര്‍ത്തിയ 372 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് നിഷാന്‍ മധുഷ്‌ക (27 പന്തില്‍ ആറ്), ലാഹിരു ഉഡാര (58 പന്തില്‍ 16), പസിന്ധു സൂര്യഭണ്ഡാര (ഗോള്‍ഡന്‍ ഡക്ക്), കാമിന്ദു മെന്‍ഡിസ് (12 പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇതിനോടകം നഷ്ടപ്പെട്ടത്. ഗല്ലെയില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ് ശ്രീലങ്ക. അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളും ലങ്കയ്ക്ക് 288 റണ്‍സുമാണ് വിജയത്തിനായി ആവശ്യമുള്ളത്.

 

Content Highlight: Deepdas Gupta tals about Rishab Pant

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.