വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും രാഹുലിന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് രാഹുലിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് രാഹുല്‍ മുന്നേറിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍
എം.എസ്. ധോണി – 15
റിഷബ് പന്ത് – 9
കെ.എല്‍. രാഹുല്‍ – 5*
രാഹുല്‍ ദ്രാവിഡ് – 4
വൃദ്ധിമാന്‍ സാഹ – 3
സഞ്ജു സാംസണ്‍ – 3
മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (ഒരു റണ്‍സ്) വിരാട് കോഹ്‌ലിയും (പൂജ്യം) പെട്ടന്ന് തന്നെ കൂടാരം കയറിയപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്നാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദ് 96 പന്തില്‍ നിന്ന് 57 റണ്‍സ് നേടി. നമന്‍ ദിര്‍ 30 റണ്‍സും നേടിയിരുന്നു.
വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി ജെയ്ഡന്‍ സീല്‍സ് മിന്നും പ്രകടനം നടത്തി. കീമോ പോള്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഗുടകേഷ് മോട്ടി ഒരു വിക്കറ്റും നേടി. ഇന്ത്യന്‍ താരം അന്‍ഷുല്‍ കാംബോംജ് (17) റണ്‍ഔട്ടില്‍ കുരുങ്ങിയിരുന്നു.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍
വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍
ജോണ്‍ ക്യാംപ്‌ബെല്‍, ജുവല്‍ ആന്‍ഡ്രൂ, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍), അമീര്‍ ജാംഗൂ, ഷെര്‍ഫെയ്ന്‍ റൂദര്‍ഫോര്‍ഡ്, കീമോ പോള്‍, മാത്യു ഫോര്‍ഡ്, അല്‍സാരി ജോസഫ്, ഗുടകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, വിറ്റല്‍ ലോവ്‌സ്
Content Highlight: K.L Rahul In Great Record Achievement As Wicket Keeper
