ബ്രസീലിയ: ബ്രസീലിന്റെ തെരഞ്ഞെടുപ്പ് നടപടികളില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ബ്രസീല്‍.

അമേരിക്കന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും രാജ്യത്തെ സുപ്രീം ഫെഡറല്‍ കോടതിയുടെ വിശ്വാസ്യത തകര്‍ക്കാനും ലക്ഷ്യമിട്ട് പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

‘കൗണ്ടറിങ് ലോഫെയര്‍ ആന്‍ഡ് സെന്‍സര്‍ഷിപ്പ് ഇന്‍ ബ്രസീല്‍’ എന്ന പേരിലുള്ള പദ്ധതിക്കായി ഒരു മില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ വൈറ്റ് ഹൗസ് പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ബ്രസീലിയന്‍ സുപ്രീം കോടതിയെയും ജുഡീഷ്യറിയെയും എതിര്‍ക്കുന്ന അവിടുത്തെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പത്ത് ലക്ഷം ഡോളര്‍ അനുവദിക്കാന്‍ പദ്ധതിയിട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച സാധ്യത ബ്രസീല്‍ രഹസ്യാന്വേഷണ ഏജന്‍സിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സെപ്റ്റംബറില്‍ ഫ്രാന്‍സ്, ജര്‍മനി ഉദ്യോഗസ്ഥര്‍ ബ്രസീല്‍ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയുടെയും റഷ്യയുടെയും തെരഞ്ഞെടുപ്പ് ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി പങ്കുവെച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ നേരത്തെയും തെരഞ്ഞെടുപ്പ് ഇടപെടല്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

ബ്രസീല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഒക്ടോബര്‍ നാലിനാണ് ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Content Highlights: US interference in election; Brazil announces investigation.