2026ലെ ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. കൊറോഗി സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു.
ഈ തോല്‍വിയോടെ ഒരു ചരിത്ര നാണക്കേടും ലങ്കയുടെ തലയില്‍ വീണിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. നേരത്തെ ഈ മോശം റെക്കോഡ് ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്നത് യു.എ.ഇ ആയിരുന്നു. ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെ കളിച്ച് ഏറ്റവും കുറഞ്ഞ സ്കോര്‍ നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ലങ്ക.
A stellar win over Sri Lanka gets India into the final of the Asian Games men’s competition 💪
📸: @BCCI
📝: https://t.co/vz0V2KbA3G pic.twitter.com/TlDmTOQQHc
— ICC (@ICC) October 1, 2026
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ നേടുന്ന രാജ്യം, സ്കോര്‍, വര്‍ഷം എന്ന ക്രമത്തില്‍
ശ്രീലങ്ക – 45 – 2026*
യു.എ.ഇ – 57 – 2025
ന്യൂസിലാന്‍ഡ് – 66 – 2023
അയര്‍ലാന്‍ഡ് – 70 – 2018
സൗത്ത് ആഫ്രിക്ക – 74 – 2025
ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തില്‍ നിലം പതിക്കുകയായിരുന്നു ലങ്ക. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. രണ്ട് റണ്‍ ഔട്ടുകളും ഇന്ത്യ നേടി.
ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിനെത്തിയത് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയായിരുന്നു. തന്റെ ആദ്യ ഓവറില്‍ തന്നെ വെറും ഒരു റണ്‍സ് വിട്ടുനല്‍കിയാണ് ബുംറ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. താരത്തിന് പുറമെ അക്സര്‍ പട്ടേല്‍, അഭിഷ്ക് ശര്‍മ എന്നിവരും രണ്ട് വിക്കറ്റ് നേടി.
ലങ്കയ്ക്ക് വേണ്ടി നുവാനിന്ദു ഫെര്‍ണാണ്ടോയ്ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. 11 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും ലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല.
ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ഇഷാന് കിഷനാണ്. 46 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 80* റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഓപ്പണിങ്ങില്‍ ഇറങ്ങിയ വൈഭവ് 21 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 38 റണ്‍സും സ്വന്തമാക്കി.
8️⃣0️⃣* Runs
4️⃣6️⃣ Deliveries
4️⃣ Fours
5️⃣ SixesIshan Kishan stood tall under pressure today 💥👌
Scorecard ▶️ https://t.co/DjHV9q6htT#TeamIndia | #AsianGames | @ishankishan51 pic.twitter.com/VHHVlzIaFk
— BCCI (@BCCI) October 1, 2026
മത്സരത്തില്‍ സഞ്ജു സാംസണിനെ വണ്‍ഡൗണില്‍ എത്തിച്ച് യുവ താരം വൈഭവ് സൂര്യവംശിയെ ഓപ്പണിങ്ങിലിറക്കിയാണ് ഇന്ത്യ പുതിയ പരീക്ഷണം നടത്തിയത്. ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് അഭിഷേക് ശര്‍മയെയായിരുന്നു. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് താരം പുറത്തായത്. സഞ്ജു ഏഴ് റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 13 റണ്‍സും നേടി.
ലങ്കയ്ക്ക് വേണ്ടി തരിന്തു യത്നയാകെ സഹാന് അരച്ചിഗെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. വനൂജ ഷാന്‍ ലസിത് ക്രൂസ്പുള്ളെ നുവാന്തു ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഏഷ്യന്‍ ഗെയിംസിലെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന് ആദ്യ ഫൈനലിസ്റ്റ് ആയിരുന്നു. ഇപ്പോള്‍ ലങ്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയും ഫൈനലില്‍ ഇടം നേടിയതോടെ മറ്റൊരു വമ്പന്‍ ഫൈനലിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
Content Highlight: Sri Lanka record lowest score by a team against India in T20 Internationals
