ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിച്ച് മുന്‍ താരം ദീപ്ദാസ് ഗുപ്ത. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച ഫോമിലാണെന്നും എന്നാല്‍ അടുത്തിടെയായി ഗില്‍ ചില പരിക്കുകളുമായി കളിക്കുന്നതാണ് തന്റെ ഏക ആശങ്കയെന്നും ഗുപ്ത പറഞ്ഞു. ഗില്‍ തന്റെ ഫിറ്റ്‌നസ് മികച്ച രീതിയില്‍ നിലനിര്‍ത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഐ.പി.എല്ലില്‍ അടക്കം എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലെത്തിയതായി തോന്നുന്നു. സാധാരണയായി ഒരു ബാറ്റര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച നിലയിലെത്തുന്നത് 20കളുടെ അവസാനത്തിലാണ്. അതോടൊപ്പം, ഒരു ബാറ്റര്‍ തന്നെക്കുറിച്ച് ഏറ്റവും നന്നായി മനസിലാക്കുന്നതും ഈ കാലഘട്ടത്തിലാണ്.

എന്നാല്‍ അടുത്തിടെയായി അദ്ദേഹം ചില പരിക്കുകളുമായി കളിക്കുന്നതാണ് എന്റെ ഏക ആശങ്ക. കഴുത്തിനേറ്റ പരിക്കിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനാകുമായിരുന്നില്ല. എന്നാല്‍ 70-80 റണ്‍സ് പിന്നിട്ടപ്പോഴൊക്കെ രണ്ട് തവണ അദ്ദേഹത്തിന് പേശിവലിവ് അനുഭവപ്പെട്ടിട്ടുണ്ട്. അദ്ദേഹം തന്റെ ഫിറ്റ്‌നസ് മികച്ച രീതിയില്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ദീപ്ദാസ് ഗുപ്ത തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്. 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടി. 26 ഫോറും എട്ട് സികസറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 75 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. നാളെയാണ് (ഒക്ടോബര്‍ മൂന്ന്) പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Deep Dasgupta Talking About Shubhman Gill