ന്യൂദല്‍ഹി: ഐസ നേതാവ് നേഹ ബോറക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി ആര്‍.എസ്.എസ് അനുകൂല സംഘടനയായ ‘മുസ്‌ലിം രാഷ്ട്രീയ മഞ്ച്’ നേതാവ് മുഹമ്മദ് ഫായിസ് ഖാന്‍. ‘പുരുഷന്മാരെ ആകര്‍ഷക്കാനായി നടക്കുന്ന ജീവി’ എന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങളാണ് നേഹക്കെതിരെ ഫായിസ് നടത്തിയത്.
മുഖ്യധാരാ മാധ്യമങ്ങള്‍ മുസ്‌ലിം പണ്ഡിതനായാണ് ഫായിസ് ഖാനെ വിശേഷിപ്പിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റ രാജിക്കായുള്ള പ്രതിഷേധങ്ങളില്‍ നേഹ ബോറ സജീവമായി പങ്കെടുക്കുന്നതിനിടെയാണ് ഫായിസ് ഖാന്റെ വിദ്വേഷ പരാമര്‍ശം വരുന്നത്. കേന്ദ്രത്തിലെ സര്‍ക്കാരിനെതിരെ നേഹ സമീപകാലത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
‘നേഹ ബോറ ഒരു പെണ്‍കുട്ടിയോ സ്ത്രീയോ അല്ല. അവള്‍ ആണ്‍ ജീവികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പെണ്‍ ജീവി ആണ്,’ എന്ന് ഫായിസ് ഖാന്‍ പറഞ്ഞു. ജീവികളിലെ സ്ത്രീവര്‍ഗത്തെ സൂചിപ്പിക്കുന്ന മാഡ എന്ന വാക്കും ഇതിനായി ഫായിസ് ഉപയോഗിച്ചു. ‘മാഡ സ്ത്രീ അല്ല. മാഡയുടെ ഏക ലക്ഷ്യം പുരുഷനെ ആകര്‍ഷിക്കുക എന്നതാണ്. നേഹ ബോറ ഒരു മാഡയാണ്.’ എന്നും അയാള്‍ വിദ്വേഷ പരാമര്‍ശം തുടരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നേഹ പ്രതിഷേധിച്ചത് അനാവശ്യ പ്രകടമാണെന്ന് ഫായിസ് ആരോപിച്ചു. ഫായിസ് ഈ കാര്യങ്ങള്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
ആര്‍.എസ്.എസുമായി ബന്ധമുള്ളതുമായ ‘മുസ്‌ലിം രാഷ്ട്രീയ മഞ്ച്’ എന്ന സംഘടനയിലെ അംഗമാണ് ഫായിസ് എന്ന് മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു. ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ സ്ഥാപിച്ച സംഘടനയാണ് ‘മുസ്‌ലിം രാഷ്ട്രീയ മഞ്ച്’ എന്നും സുബൈര്‍ ചൂണ്ടിക്കാട്ടി.
‘നേഹ ബോറയെ അദ്ദേഹം എത്രത്തോളം ലൈംഗികവല്‍ക്കരിച്ചാണ് കാണുന്നതെന്ന് നോക്കൂ. പല ഗോഡി മീഡിയ അവതാരകരും ഫായിസിനെ ഒരു മുസ്ലിം പണ്ഡിതന്‍ എന്ന നിലയില്‍ സ്ഥിരമായി ടി.വി ചര്‍ച്ചകളിലേക്ക് ക്ഷണിക്കാറുണ്ട്. അത് ലജ്ജാകരമാണ്,’ സുബൈര്‍ കുറിച്ചു.
ഫായിസ് ഖാന് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തോളം ഫോളോവര്‍മാരുണ്ടെന്നും ഇതില്‍ ഭൂരിപക്ഷവും ഹിന്ദുത്വ അനുകൂലികളാണെന്നും സിയാസത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 40,000 സബ്‌സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലും ഫായിസിനുണ്ട്.
Content Highlight: ‘Scholar’ Mohammed Faiz uses sexually implicit words for Neha Bora
