ഇന്നലെ വന്നവർ എന്നേക്കാൾ സാലറി വാങ്ങാം,സിനിമയിൽ ഒന്നും മുൻകൂട്ടി പറയാനാവില്ല: ദീപക് പറമ്പോൽ
Malayalam Cinema
ഇന്നലെ വന്നവർ എന്നേക്കാൾ സാലറി വാങ്ങാം,സിനിമയിൽ ഒന്നും മുൻകൂട്ടി പറയാനാവില്ല: ദീപക് പറമ്പോൽ
നന്ദന. ടി
Tuesday, 28th July 2026, 7:01 am

കുഞ്ഞിരാമായണം, ബി ടെക്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ദീപക് പറമ്പോൽ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വരവ് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ദി റൂമിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരു പ്രോപ്പർ സ്റ്റാർ വാല്യൂവോ ഫൈനാൻഷ്യൽ ബാക്ക്ഗ്രൗണ്ടോ ഇല്ലാത്ത ഏതൊരു അഭിനേതാവിനും സിനിമ ഒരു വേവ് പോലെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഒരു പോയിന്റിൽ കുറെ നല്ല സിനിമകളൊക്കെ വർക്ക് ആവും, പിന്നെ കുറച്ചു കഴിയുമ്പോൾ താഴേക്ക് പോകും. അങ്ങനെ നമ്മൾ ഡൗൺ ആയിരിക്കുമ്പോൾ വീണ്ടും തിരികെ കയറിവരും. അതിനുശേഷം നമ്മൾ ചെയ്ത ഏതെങ്കിലും ഒരു പടം പരാജയപ്പെട്ടാൽ, വീണ്ടും പഴയപോലെ തിരിച്ചുവരാൻ സമയം എടുക്കും.

ദീപക് പറമ്പോൽ.photo.screen grab/youtube

വേറെ ഏത് ജോലിയാണെങ്കിലും നമ്മളുടെ എക്സ്പീരിയൻസ് നോക്കിയിട്ടാണ് സാലറിയൊക്കെ കിട്ടുന്നത്. എന്നാൽ സിനിമയിൽ അങ്ങനെയല്ല. ചിലപ്പോൾ ഇന്നലെ വന്ന ആളുകൾ എന്നേക്കാൾ സാലറി വാങ്ങുന്നവരുണ്ടാകും. ഞങ്ങളുടെ കൂടെ വന്ന ചിലർ ഇൻഡസ്ട്രി വിട്ടുപോയിട്ടുണ്ടാകാം, മറ്റുചിലർ ഇപ്പോഴും നിലനിൽക്കുന്നുണ്ടാകാം. അതുകൊണ്ട് ഇതിൽ ഒന്നും പറയാൻ പറ്റില്ല, പെട്ടെന്ന് ഒരു പോയിന്റിൽ കാര്യങ്ങൾ മാറിയേക്കാം. നമ്മൾ ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല, ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക.

സിനിമയില്ലാത്ത സമയത്ത് അതിനെക്കുറിച്ച് നന്നായി ടെൻഷൻ അടിക്കും. എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ ഇനിയിപ്പോൾ ടെൻഷൻ അടിച്ചിട്ട് കാര്യമില്ല എന്ന് മനസിലാവും. കുറച്ചു കഴിയുമ്പോൾ എന്തെങ്കിലും നല്ല റോൾ നമ്മളെ തേടിയെത്തും, അപ്പോൾ ഒരു സമാധാനം ഒക്കെ കിട്ടും.

സിനിമ ജീവിതത്തിൽ ഉണ്ടാക്കിയ പ്രധാന മാറ്റം എന്താണെന്നു വെച്ചാൽ, പൈസ ഒരു പ്രധാന ഘടകം ആണ്. കാരണം, ഞാൻ ഒരു വീട് വെച്ചതും വണ്ടി വാങ്ങിയതുമൊക്കെ സിനിമയിൽ നിന്ന് ഉണ്ടാക്കിയ കാശ്‌ കൊണ്ടാണ്. ഇപ്പോൾ എൻ്റെ പ്രായത്തിലുള്ള, കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഏതൊരാൾക്കും ഇതൊക്കെ ഉണ്ടാക്കാൻ പറ്റിയേക്കും. എന്നാൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു മേഖലയിൽ നിന്ന് പണം ഉണ്ടാക്കാൻ കഴിയുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ഏത് ജോലി ചെയ്താലും കിട്ടില്ല. അത് വലിയൊരു കാര്യമായി തോന്നിയിട്ടുണ്ട്. പിന്നെ കുറേ വിഷമങ്ങളും കഷ്ടപ്പാടുകളും അതിജീവിച്ച് രക്ഷപ്പെടും എന്ന പ്രതീക്ഷ തന്നെയാണ് സിനിമ,’ ദീപക് പറമ്പോൽ പറഞ്ഞു.

ദീപക് പറമ്പോൽ.photo.screen grab/youtube

Content Highlight: Deepak Parambol opens up about his life and the uncertainties of a career in cinema

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം