ടി – 20 ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍. കുട്ടി ക്രിക്കറ്റില്‍ ഡെത്ത് ഓവറുകളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് മില്ലര്‍ സ്വന്തമാക്കിയത്. 2026 ടി – 20 ലോകകപ്പില്‍ കാനഡയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെ ഈ ചരിത്ര നേട്ടം.

മത്സരത്തില്‍ മില്ലര്‍ 23 പന്തില്‍ പുറത്താവാതെ 39 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്‌സുകളും ഒരു ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.  ഈ ഇന്നിങ്‌സിനിടെയാണ് താരം ഡെത്ത് ഓവറുകളില്‍ നാലക്കം കടന്നത്.

 

ഡേവിഡ് മില്ലര്‍. Photo: Spotify/x.com

ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ മാത്രം മുമ്പ് ഈ നേട്ടം  സ്വന്തമാക്കിയത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് താരം ഈ നേട്ടം തന്റെ പേരില്‍ ചേര്‍ത്തത്.

ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 1030

ഡേവിഡ് മില്ലര്‍ – ദക്ഷിണാഫ്രിക്ക – 1013

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 983

എം.എസ്. ധോണി – ഇന്ത്യ -856

നജിബുള്ള സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 838

ദസുന്‍ ഷാനക – ശ്രീലങ്ക – 822

അതേസമയം, മില്ലറിന് പുറമെ സൗത്ത് ആഫ്രിക്കക്കായി ഏയ്ഡന്‍ മര്‍ക്രം അര്‍ധ സെഞ്ച്വറി നേടി. 32 പന്തില്‍ 59 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍.  ഇവര്‍ക്കൊപ്പം ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (19 പന്തില്‍ 34*) റിയാന്‍ റിക്കില്‍ട്ടന്‍ (21 പന്തില്‍ 33) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.  ഇതോടെ ടീമിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എടുക്കാന്‍ സാധിച്ചു.

കാനഡക്കായി അന്‍ഷ് പട്ടേല്‍ മൂന്ന് വിക്കറ്റും ദില്‍പ്രീത് ബജ്വ ഒരു വിക്കറ്റും സ്വന്തമാക്കി.

നിലവില്‍ കാനഡ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സാണ് എടുത്തത്.  നവനീത്  ദലിവാലും നിക്കോളാസ് കിര്‍ട്ടനുമാണ് ക്രീസിലുള്ളത്.

ദില്‍പ്രീത് ബജ്വ, യുവരാജ് സമ്ര എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. സൗത്ത് ആഫ്രിക്കക്കായി ഈ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ലുങ്കി എന്‍ഗിഡിയാണ്.

Content Highlight: David Miller became second player to complete 1000 runs in death overs in T20I after Hardik Pandya