കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദര്‍ശന ടി.വിയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി വിവാദത്തില്‍. സ്ഥാപനത്തിലെ 54 ജീവനക്കാര്‍ക്കാണ് ഇമെയില്‍ വഴി പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 20 ന് ഓഫീസില്‍ വന്ന് ടെര്‍മിനേഷന്‍ ലെറ്റര്‍ കൈപ്പറ്റണമെന്നും ഒരുമാസത്തെ ശമ്പളം മുന്‍കൂറായി നല്‍കാമെന്നും ഐ.ഡി കാര്‍ഡുള്‍പ്പെടയുള്ള കമ്പനിയുമായി ബന്ധപ്പെട്ട രേഖകളും മറ്റും തിരിച്ചേല്‍പ്പിക്കണമെന്നാണ് ഇ-മെയിലില്‍ പറയുന്നത്.
ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ശമ്പളക്കുടിശ്ശികയെക്കുറിച്ചോ പി.എഫ് ആനുകൂല്യങ്ങളെക്കുറിച്ചോ പരിച്ചുവിടല്‍ നോട്ടീസില്‍ ഒന്നും പറയുന്നില്ലെന്നു ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പി.എഫ് വിഹിതം സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടോ എന്നതിലും വ്യക്തതയില്ലെന്നുമാണ് ആരോപണം .
കൊവിഡ്-19 പ്രതിസന്ധിക്കിടയിലാണ് 54 പേര്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടമായിരിക്കുന്നത്. കൊവിഡ്-19 കാലത്ത് ഒരു തൊഴിലാളിയെയും പിരിച്ചുവിടരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് കൂട്ടപിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.
മലബാറില്‍ നിന്ന് ആരംഭിച്ച ആദ്യത്തെ സാറ്റ്‌ലൈറ്റ് ചാനല്‍ എന്ന അവകാശ വാദവുമായി വന്ന ദര്‍ശന ടിവിക്കെതിരെ തൊഴിലാളികളുടെ ആരോപണം ശക്തമാണ്. സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച സീനിയര്‍ ക്യാമറാമാന്‍ സാജന്‍ പള്ളൂര്‍ ഡൂള്‍ ന്യൂസിനോട് പറയുന്നതിങ്ങനെ,
” സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ പിരിച്ചുവിടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നോട്ടീസ് വന്നിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും, ഏപ്രില്‍ 20 ന് ഓഫീസില്‍ വന്ന് ഐഡി കാര്‍ഡടക്കും തിരിച്ചു നല്‍കണം എന്നാണ് അവര്‍ പറയുന്നത്. മൂന്ന് മാസത്തെ ശമ്പളകുടിശ്ശികയുണ്ട്. ഞങ്ങള്‍ ഇത്രയും കാലം ജോലി ചെയ്തതിന്റെ പി.എഫ് ഉണ്ട്. ഗ്രാറ്റിവിറ്റി തരണം. ഇന്‍ക്രിമിന്റ് എത്രവര്‍ഷമാണെന്ന് കണക്കാക്കി ഇന്ററസ്റ്റ് അടക്കം ഞങ്ങള്‍ക്ക് തരേണ്ടതാണ്. ബോണസ് ഇന്നുവരെ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. 2019 ല്‍ ബോണസ് തരാന്‍ വേണ്ടി ലേബര്‍ ഡിപ്പാര്‍ഡ്‌മെന്റ് അഗ്രിമെന്റ് ഉണ്ടാക്കിയിട്ടു കൂടി അവര്‍ തരാന്‍ തയ്യാറായിട്ടില്ല,”
ചാനലിന്റെ കൂട്ടപ്പിരിച്ചു വിടലിനെതിരെ കേരള പത്രപ്രവര്‍ത്തന യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ദര്‍ശന ടിവിയിലെ 54 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് കൂട്ട പിരിച്ച വിടല്‍ നോട്ടീസ് നല്‍കിയ മാനേജ്‌മെന്റ് നടപടി ക്രൂരതയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
പിരിച്ചു വിടല്‍ നടപടി ഉടന്‍ പിന്‍വലിക്കാനും ജീവനക്കാര്‍ക്കുള്ള ശമ്പളക്കുടിശ്ശിക കൊടുത്തു തീര്‍ക്കാനും ദര്‍ശന ടി.വി മാനേജ്‌മെന്റ് തയ്യാറാവണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ തൊഴില്‍ രഹിതരാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.ഫിറോസ് ഖാനും, സെക്രട്ടറി പി.എസ് രാകേഷും ആവശ്യപ്പെട്ടു.
ചാനലിലെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇതുവരെയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരില്‍ ഭൂരിഭാഗവും പറയുന്നത്.
“പി.എഫിന്റെ തുക കൃത്യമായി മാനേജ്‌മെന്റ് സര്‍ക്കാരിലേക്ക് അടയ്ക്കുന്നില്ല. ആറു മാസം കൂടുമ്പോഴേ ഒരു ഗഡു അടയ്ക്കുന്നുള്ളൂ. എന്നാല്‍ എല്ലാ മാസവും പി.എഫിലേക്കുള്ള തുക അവര്‍ കൃത്യമായി ശമ്പളത്തില്‍ നിന്ന് പിന്‍വലിക്കുന്നുണ്ട്,” സാജന്‍ പള്ളൂര്‍ പറയുന്നു.
പി.എഫ് ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് 2014 ല്‍ ജീവനക്കാര്‍ക്ക് പി.എഫ് ആനുകൂല്യം നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും കമ്പനി സ്റ്റേ വാങ്ങിയിരിക്കുകയാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത് .
ദര്‍ശനയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ക്യാമറാമാന്‍ പ്രശോബ് പറയുന്നതിങ്ങനെ,
” ജനുവരി മാസത്തെ ശമ്പളമാണ് ഫെബ്രുവരിയില്‍ ലഭിച്ചത്. ചാനല്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷമാവാറായി. ബോണസ് എന്ന പേരില്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ആറ് വര്‍ഷത്തോളം ഞങ്ങള്‍ എല്ലാം ശരിയാവും എന്ന് കരുതി മുന്നോട്ട് പോവുകയായിരുന്നു. ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം കിട്ടുന്ന 2500 രൂപയോളം വരുന്ന ഇന്‍ക്രിമെന്റാണ് പിന്നെയുള്ളത്. അതുവരെ വെട്ടിക്കുറച്ച് 500 രൂപ, 800 രൂപ എന്നിങ്ങനെയൊക്കെയാണ് തന്നത്. 12000 ത്തിനു താഴെ മാത്രമാണ് ചാനലിലെ 80 ശതമാനം പേരുടെയും ശമ്പളം. യാതൊരു അലവന്‍സുമില്ലാത്ത ഈ ശമ്പളത്തില്‍ നിന്ന് പി.എഫിലേക്ക് പണം എടുക്കുകയും എന്നാല്‍ അടയ്ക്കാതിരിക്കുകയും ചെയ്യുന്നു,”
ചാനലിലെ 54 പേരെ പിരിച്ചു വിട്ടത് സംശയാസ്പദമാണെന്നും ഇദ്ദേഹം പറയുന്നു.
” യൂണിയന്‍ അംഗങ്ങടക്കം പ്രതികരിക്കുന്ന കുറച്ചു പേരുണ്ട്. ബാക്കി കമ്പനിക്ക് അനുകൂല നിലപാടുള്ള കുറച്ചു തൊഴിലാളികളുമുണ്ട്. അതായത് രണ്ട് മൂന്ന് മാസം കഴിഞ്ഞാലും ശമ്പളം ലഭിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല എന്നു കരുതുന്നവര്‍. ശമ്പളം ആവശ്യപ്പെടുന്നവരെ പുറത്താക്കി ഇവരെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇവര്‍ക്കും പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരോട് തല്‍ക്കാലം നോട്ടീസ് സ്വീകരിച്ച് ഐ.ഡി കാര്‍ഡ് തിരിച്ചേല്‍പ്പിക്കണമെന്നാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവരെ പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് വാഗ്ദാനം ചെയ്തതായാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം,” ക്യാമറാമാന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദര്‍ശന ടി.വി 2010 ജൂണ്‍ 21 മുതല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ‘മലബാര്‍ ആസ്ഥാനമായ ആദ്യ ചാനല്‍’ എന്നതായിരുന്നു പരസ്യവാചകം. സാദിഖലി തങ്ങളുടെയും ഇസ്മയില്‍ കുഞ്ഞു ഹാജിയുടെയും സിദ്ദീഖ് ഫൈസി വാളക്കുളത്തിന്റെയും നേതൃത്വത്തിലാണ് ചാനല്‍ തുടങ്ങിയത്.
അതേ സമയം മാനേജ്‌മെന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കൊവിഡ് പ്രതിസന്ധി ചാനലിന്റെ സാമ്പത്തിക ബാധ്യതകളെ ഇരട്ടിയാക്കിയെന്നുമാണ് സത്യധാര കമ്മ്യൂണിക്കേഷന്‍ സി.ഇ.ഒ മുഹമ്മദ് തയ്യിബ് ഹുദവി പറയുന്നത്.
‘ ഏപ്രില്‍ 17 നാണ് നോട്ടീസ് നല്‍കിയത്. ചാനലിനെ സംബന്ധിച്ച് പരസ്യം വലിയൊരു ഘടകമാണ്. സാധാരണയായി പരസ്യം കൊടുത്താല്‍ അതിന്റെ പ്രതിഫലം കിട്ടുക അടുത്ത മാസമാണ്. മാര്‍ച്ച് മാസം ഞങ്ങള്‍ക്ക് വരുമാനംകിട്ടിയിട്ടില്ല . കൊവിഡ് വന്നതാണ് കാരണം. എന്നാല്‍ 20 ലക്ഷം രൂപയാണ് ചെലവ് വന്നത്. മാത്രവുമല്ല സാറ്റ്‌ലൈറ്റ് വാടകയില്‍ അടക്കമുള്ള അടിസ്ഥാനപരമായി ബാധ്യതകളുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രൊഡക്ഷന്‍ വിഭാഗം പൂര്‍ണമായും നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചതാണ്,’ സി.ഇ.ഒ അറിയിച്ചു.
ഒപ്പം കുറച്ചു തൊഴിലാളികളെ തിരിച്ചെടുക്കുന്നെന്ന വാദത്തിനും സി.ഇഒ മറുപടി നല്‍കി.’ നിലവില്‍ പഴയ പരിപാടികള്‍ വീണ്ടും സംപ്രേഷണം ചെയ്യുകയാണ്. പുതിയ പോഗ്രാമുകള്‍ ഷൂട്ട് ചെയ്യുന്നില്ല. സത്യധാര കമ്മ്യണിക്കേഷന്റെ സര്‍വീസ് നിര്‍ത്തിവെക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്. അല്ലെങ്കില്‍ പുതിയ തരത്തില്‍ പോഗ്രാമുകള്‍ നടത്താനും ആലോചിക്കുന്നു. 54 ലേറെ ജീവനക്കാരിവിടെയുണ്ടായിരുന്നു. ഈ 54 ജീവനക്കാരെ നിലനിര്‍ത്തിക്കൊണ്ട് പ്രതീക്ഷിച്ച ഔട്ട്പുട്ട് ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ചാനലിനായിട്ടില്ല. സാറ്റ്‌ലൈറ്റ് വാടക, മറ്റ് ചെലവുകളടക്കം വരുന്ന 20 ലക്ഷം രൂപ മാസ ചെലവ് തുടങ്ങിയവ വരുമാനമില്ലാത്ത സാഹചര്യത്തില്‍ ബാധ്യതയായി വര്‍ധിച്ചാല്‍ ആറുമാസത്തിനുള്ളില്‍ തീരെ ശമ്പളം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കമ്പനി പോവുക,” സത്യധാര കമ്മ്യൂണിക്കേഷന്‍ സി.ഇ.ഒ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ സത്യധാര കമ്മ്യൂണിക്കേഷന്റെ മുന്‍ സി.ഇ.ഒയ് ക്കെതിരെയും പിരിച്ചുവിട്ട തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.
സിദ്ദിഖ് ഫൈസി വാഴക്കുളം എന്നയാളായിരുന്നു കമ്പനി മുന്‍ സി.ഇ.ഒ. എന്നാല്‍ ഇദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കേണ്ടി വരുമെന്നറിയിക്കുകയും അതിനാല്‍ ഈ ചുമതലയിലേക്കാണ് സമസ്തയുടെ ലീഗല്‍ അഡൈ്വസറായ മുഹമ്മദ് തയ്യിബിനെ നിയമിക്കുകയുമായിരുന്നു. തങ്ങളെ പിരിച്ച വിടാന്‍ വേണ്ടിയുള്ള മുന്‍ സി.ഇ.ഒ സിദ്ദിഖ് ഫൈസിയുടെ നീക്കമാണിതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ഒപ്പം ലോക്ഡൗണ്‍ നിലനില്‍ക്കെ തൊഴിലാളികളെ പിരിച്ചവിട്ടത് തെറ്റായ നടപടിയാണെന്ന് പറഞ്ഞു കൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
