ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു പാലക്കാട്. കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്റെ രംഗപ്രവേശവും മത്സരം കൊഴുപ്പിച്ചു. കേരളത്തിലാകെ അലയടിച്ച യു.ഡി.എഫ് തരംഗം പാലക്കാട് ജില്ലയെ ചെറിയ രീതിയില്‍ ബാധിച്ചെങ്കിലും പല സീറ്റുകളും വിടാതെ കാക്കാനായി.
12 മണ്ഡലങ്ങളില്‍ ആറ് വീതം എല്‍.ഡി.എഫും യു.ഡി.എഫും സ്വന്തമാക്കിയപ്പോള്‍ ‘സംപൂജ്യ’രാകാന്‍ തന്നെയായിരുന്നു ബി.ജെ.പിയുടെ വിധി. നരേന്ദ്ര മോദി നേരിട്ട് പ്രചരണം നടത്തിയ മണ്ഡലങ്ങളിലൊന്ന് കൂടിയായിരുന്നു പാലക്കാട്. എന്നിട്ടും താമര വിരിയാന്‍ ജനങ്ങള്‍ അവസരം നല്‍കിയില്ല. സിറ്റിങ് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ എല്‍.ഡി.എഫ് പരാജയപ്പെടുന്ന കാഴ്ചക്കും പാലക്കാട് സാക്ഷ്യം വഹിച്ചു.
ആലത്തൂര്‍
ഇടതുകോട്ടയെന്ന് ഖ്യാതി നേടിയ ആലത്തൂര്‍ ഇത്തവണയും എല്‍.ഡി.എഫിനെ കൈവിടാതെ കാത്തു. കെ.ഡി പ്രസേനന് പകരം ഇത്തവണ കളത്തിലിറങ്ങിയ ടി.എം ശശി 8553 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2021നെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വലിയ കുറവ് സംഭവിച്ചെങ്കിലും പാര്‍ട്ടിയുടെ കോട്ട കൈവിടാതെ ശശി കാത്തു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് പകരം കളത്തിലിറങ്ങിയ മുരുകദാസിന് വിജയം രുചിക്കാനായില്ല. മുന്‍ എം.എല്‍.എ കെ.അച്യുതന്റെ മകന്‍ സുമേഷ് അച്യുതന്‍ 6510 വോട്ടുകള്‍ക്കാണ് വിജയിച്ചുകയറിയത്. കടുത്ത മത്സരമായിരുന്നു മണ്ഡലത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും കാഴ്ചവെച്ചത്. കിഴക്കന്‍ ഗ്രാമങ്ങളായ പെരുമാട്ടി, പട്ടഞ്ചേരി ഭാഗങ്ങളിലാണ് മുരുകദാസിന് കാലിടറിയത്. നഗരമേഖലകളില്‍ മുരുകദാസിനായിരുന്നു ആധിപത്യം. അപരനായ മുരുകദാസിന് 6984 വോട്ടുകള്‍ ലഭിച്ചതും എല്‍.ഡി.എഫിന് തിരിച്ചടിയായി.
കോങ്ങാട്
ജില്ലയില്‍ മുന്നണിക്ക് നഷ്ടമായ മറ്റൊരു സീറ്റ്. സിറ്റിങ് എം.എല്‍.എ ശാന്തകുമാരിയെ 3700 വോട്ടുകള്‍ക്ക് തുളസി തോല്പിച്ചു. പാലക്കാട് എം.പി ശ്രീകണ്ഠന്റെ പങ്കാളിയായ തുളസി കന്നിയങ്കത്തില്‍ തന്നെ വിജയിച്ചുകയറി. 2021ല്‍ 27000ലധികം വോട്ടുകള്‍ക്ക് ശാന്തകുമാരി വിജയിച്ച മണ്ഡലമായിരുന്നു കോങ്ങാട്.
മലമ്പുഴ
വി.എസ്. അച്യുതാനന്ദന്റെ മണ്ഡലം ഇത്തവണയും സി.പി.ഐ.എമ്മിനെ കൈവിട്ടില്ല. 1967 മുതല്‍ സി.പി.ഐ.എം വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്ന മണ്ഡലത്തില്‍ എ. പ്രഭാകരന്‍ തന്റെ രണ്ടാമൂഴത്തിലും വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ. കൃഷ്ണകുമാറിനെ 19721 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രഭാകരന്‍ രണ്ടാമതും മലമ്പുഴയില്‍ വിജയം രുചിച്ചത്.
മണ്ണാര്‍ക്കാട്
15 വര്‍ഷമായി ലീഗിനെ പിന്തുണക്കുന്ന മണ്ണാര്‍ക്കാട് ഇത്തവണയും കാറ്റ് മാറി വീശിയില്ല. നാലാം വട്ടവും ജനവിധി തേടിയ എ.എന്‍. ഷംസുദ്ദീന്‍ ഇത്തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കഴിഞ്ഞ തവണ നേടിയ 5800 വോട്ടിന്റെ ഭൂരിപക്ഷം 25000ലേക്ക് ഉയര്‍ത്തിയാണ് ഷംസുദ്ദീന്‍ വിജയിച്ചത്.
നെന്മാറ
ആലത്തൂര്‍ പോലെ ജില്ലയിലെ മറ്റൊരു ഇടത് കോട്ടയായ നെന്മാറയിലും ഇത്തവണ ചെങ്കൊടിയുയര്‍ന്നു. കെ. ബാബുവിന് പകരം ഇത്തവണ മത്സരത്തിനിറങ്ങിയ കെ. പ്രേമന്‍ മണ്ഡലം വിട്ടുകൊടുക്കാതെ കാത്തു. 25000ല്‍ നിന്ന് 6500ലേക്ക് ഭൂരിപക്ഷം താഴ്‌ന്നെങ്കിലും പാര്‍ട്ടിയുടെ ഉറച്ച സീറ്റ് കൈവിട്ടില്ലെന്നത് ശ്രദ്ധേയമായി.
പാര്‍ട്ടി വിട്ട് യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച പി.കെ. ശശിയെ ഒറ്റപ്പാലത്തെ വോട്ടര്‍മാര്‍ ഇത്തവണ കൈവിട്ടു. 20 വര്‍ഷമായി എല്‍.ഡി.എഫിന്റെ ഉറച്ച സീറ്റായ ഒറ്റപ്പാലത്ത് നിന്ന് രണ്ടാം വട്ടം ജനവിധി തേടിയ അഡ്വക്കേറ്റ് പ്രേംകുമാര്‍ പഴയതിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. പി.കെ ശശിയെ 26000ലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രേംകുമാര്‍ രണ്ടാമതും നിയമസഭയിലേക്കെത്തിയത്.
പാലക്കാട്
ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമെന്ന് പലരും അഭിപ്രായപ്പെട്ട പാലക്കാട് രമേഷ് പിഷാരടിയുടെ അത്ഭുതവിജയമാണ് കാണാന്‍ സാധിച്ചത്. ലൈംഗികാരോപണം നേരിടുന്ന മുന്‍ എം.എല്‍.എ കോണ്‍ഗ്രസിന്റെ വിജയ സാധ്യത കുറക്കുമെന്നായിരുന്നു പലരും കരുതിയത്. ശോഭ സുരേന്ദ്രന് ഈസി വിജയമെന്ന് കരുതിയ ഇടത്ത് നിന്ന് അവസാനനിമിഷം പല ട്വിസ്റ്റുകളും അരങ്ങേറുകയായിരുന്നു.
വോട്ടിന് പണം നല്‍കിയതും പിന്നീട് ശോഭയുടെ പ്രതികരണവുമെല്ലാം വലിയ ചര്‍ച്ചയായി. കന്നിയങ്കത്തിനിറങ്ങിയ രമേഷ് പിഷാരടി ഇത്തവണ നിയമസഭയിലേക്കെത്തിയിരിക്കുകയാണ്.
പട്ടാമ്പി
മുഹമ്മദ് മുഹ്‌സിന് ഒരിടത്ത് പോലും വെല്ലുവിളിയുയര്‍ത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ടി.പി ഷാജിക്ക് സാധിച്ചില്ല. ആദ്യത്തെ മൂന്ന് റൗണ്ടില്‍ പിന്നിട്ട് നിന്നെങ്കിലും പിന്നീട് ഒരിക്കല്‍ പോലും മുഹ്‌സിന്റെ ലീഡ് താഴ്ന്നിരുന്നില്ല. മൂന്നാമൂഴത്തിലും വിജയിച്ച് നിയമസഭയിലേക്കെത്തിയിരിക്കുകയാണ് പട്ടാമ്പിയുടെ മുഹമ്മദ് മുഹ്‌സിന്.
ബി.ജെ.പിയുടെ ശങ്കു ടി. ദാസിനെയും കോണ്‍ഗ്രസിന്റെ ഹരിഗോവിന്ദനെയും പിന്നിലാക്കിക്കൊണ്ട് മമ്മിക്കുട്ടി വീണ്ടും ഷൊറണൂരില്‍ വിജയക്കൊടി പാറിച്ചു. 36000ല്‍ നിന്ന് 15000ലേക്ക് ഭൂരിപക്ഷം കുറഞ്ഞെങ്കിലും യു.ഡി.എഫ് കാറ്റിനിടയിലും ജില്ലയിലെ പ്രധാന മണ്ഡലം കാത്തുസൂക്ഷിക്കാന്‍ മമ്മിക്കുട്ടിക്ക് സാധിച്ചു.
തൃത്താല
കൈവിട്ടുപോയ തന്റെ മണ്ഡലം വി.ടി ബല്‍റാം തിരിച്ചുപിടിക്കുന്ന കാഴ്ചക്കാണ് തൃത്താല സാക്ഷ്യം വഹിച്ചത്. 2021ല്‍ 3016 വോട്ടുകള്‍ക്ക് എം.ബി രാജേഷ് വിജയിച്ചപ്പോള്‍ ഇത്തവണ 8385 വോട്ടുകള്‍ക്ക് അതേ രാജേഷിനെ തോല്പിച്ചുകൊണ്ട് ബല്‍റാം വീണ്ടും നിയമസഭയിലേക്കെത്തിയിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ തോറ്റ മന്ത്രിമാരിലൊരാള്‍ കൂടിയാണ് എം.ബി രാജേഷ്.
തരൂര്‍
അത്ഭുതങ്ങളൊന്നും സംഭവിക്കാതെ തരൂര്‍ മണ്ഡലത്തിലും ഇടത് ആധിപത്യം തുടര്‍ന്നു. 2021ല്‍ 24000ലധികം വോട്ടുകള്‍ക്ക് വിജയിച്ച സുമോദ് ഇത്തവണയും പാര്‍ട്ടിയുടെ കോട്ട കാത്തു. കോണ്‍ഗ്രസിന്റെ സുബ്രഹ്‌മണ്യനെ 11000 വോട്ടുകള്‍ക്കാണ് സുമോദ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് തരംഗത്തിനിടയിലും തങ്ങളുടെ മണ്ഡലങ്ങളില്‍ പലതും എല്‍.ഡി.എഫ് കാത്തു.
Content Highlight: Kerala Assembly Election 2026; Palakkad UDF and LDF got equal seats