കോഴിക്കോട്: ഇത്തവണ നിയമസഭയില്‍ ഇടതുപക്ഷത്തിരിക്കാന്‍ വെറും മൂന്ന് പാര്‍ട്ടികള്‍ മാത്രം. ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ പത്തില്‍ ഏഴ് പാര്‍ട്ടികള്‍ക്കും എം.എല്‍.എമാരില്ല. സി.പി.ഐ.എമ്മിനും സി.പി.ഐക്കും പുറമെ ഘടകകക്ഷികളില്‍ ആര്‍.ജെ.ഡിക്ക് മാത്രമാണ് ഇത്തവണ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചത്.
സി.പി.ഐ.എം 77 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് വെറും 26 സ്ഥാനാര്‍ത്ഥികള്‍. 2021നെ അപേക്ഷിച്ച് നോക്കുമ്പോള്‍ നഷ്ടപ്പെട്ടത് 36 എം.എല്‍.എമാരെ. എം.ബി. രാജേഷ്, പി. രാജീവ്, വീണാ ജോര്‍ജ് അടക്കമുള്ള മന്ത്രിമാരും പ്രമുഖ നേതാക്കളും പരാജയപ്പെട്ടതോടെ രണ്ട് പതിറ്റാണ്ടായി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നേട്ടവും സി.പി.ഐ.എമ്മിന് നഷ്ടമായി.
24 സീറ്റില്‍ മത്സരിച്ച സി.പി.ഐ എട്ടിടത്ത് മാത്രമാണ് വിജയിച്ചത്. ഒമ്പത് സീറ്റുകള്‍ നഷ്ടപ്പെട്ടു.
മൂന്ന് സീറ്റുകളില്‍ മത്സരിച്ച രാഷ്ട്രീയ ജനതാദളാണ് എല്‍.ഡി.എഫില്‍ എം.എല്‍.എയുള്ള മൂന്നാമത്തെയും അവസാനത്തെയും പാര്‍ട്ടി. കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗിന്റെ ജയന്തി രാജനെ പരാജയപ്പെടുത്തി പി.കെ. പ്രവീണ്‍ വിജയിച്ചു. 1286 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രവീണിന്റെ വിജയം.
മുന്നണിയിലെ മൂന്നാം പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനാണ് ഇത്തവണ കനത്ത തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്. മത്സരിച്ച 12ല്‍ 12 സീറ്റിലും പരാജയപ്പെട്ടു. ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും അടക്കമുള്ള പ്രമുഖരും തോല്‍വിയേറ്റുവാങ്ങി.
കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ വീതം ലഭിച്ച എന്‍.സി.പി, ജനതാദള്‍ എന്നിവര്‍ക്കും ഇത്തവണ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിച്ചില്ല. എന്‍.സി.പി (എസ്.പി) ഇത്തവണ മത്സരിച്ച മൂന്ന് സീറ്റിലും തോല്‍വിയേറ്റുവാങ്ങി. ഇടതിന്റെ കോട്ടയായ എലത്തൂരില്‍ ശശീന്ദ്രന്റെ തോല്‍വിയും ഞെട്ടിക്കുന്നതായിരുന്നു.
കഴിഞ്ഞ തവണ ഓരോ സീറ്റ് വീതം ലഭിച്ച കേരള കോണ്‍ഗ്രസ് (ബി), ഐ.എന്‍.എല്‍, ആര്‍.എസ്.പി (ലെനിനിസ്റ്റ്), കോണ്‍ഗ്രസ് (എസ്) എന്നിവര്‍ക്കും ഇത്തവണ വിജയിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ ഇവര്‍ക്കെല്ലാം പ്രാതിനിധ്യമുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം സെന്‍ട്രലില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് സീറ്റ് നല്‍കിയത്. മത്സരിച്ചു വിജയിച്ച ആന്റണി രാജു ആദ്യ ഘട്ടത്തില്‍ മന്ത്രിയുമായി. എന്നാല്‍ കേസടക്കമുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇത്തവണ ആന്റണി രാജുവിന് സീറ്റ് നല്‍കിയിരുന്നില്ല. മറ്റാരുമില്ലാത്തതിനാല്‍ സി.പി.ഐ.എം സീറ്റ് ഏറ്റെടുക്കുകയായിരുന്നു.
2016ലും 2021ലും ആര്‍.എസ്.പി ഔദ്യോഗിക പക്ഷത്തിന് സീറ്റില്ലാതിരുന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോനിലൂടെ ആര്‍.എസ്.പി (ലെനിനിസ്റ്റ്) സഭയില്‍ പ്രാതിനിധ്യമുറപ്പിച്ചു. എന്നാല്‍ ഇത്തവണ ഷിബു ബേബി ജോണ്‍ അടക്കം ആര്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ പരാജയപ്പെടുകയും ചെയ്തു.
അതേസമയം, യു.ഡി.എഫിലെ പ്രമുഖ പാര്‍ട്ടികള്‍ക്കൊപ്പം ചെറുപാര്‍ട്ടികളും സഭയിലെത്തി. 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 62 സീറ്റും 26 സീറ്റില്‍ മത്സരിച്ച ലീഗ് 22 ഇടത്തും വിജയിച്ചു.
കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം എട്ടില്‍ ഏഴിടത്ത് വിജയിച്ചപ്പോള്‍ മത്സരിച്ച നാലില്‍ മൂന്നിലും വിജയിച്ച് ആര്‍.എസ്.പി ഗംഭീര തിരിച്ചുവരവ് നടത്തി. കേരള കോണ്‍ഗ്രസ് (ജേകബ്), ആര്‍.എം.പി, സി.എം.പി എന്നിവര്‍ ഓരോ സീറ്റ് നേടിയപ്പോള്‍ യു.ഡി.എഫ് പിന്തുണയോടെയോ സ്വതന്ത്രരായോ മത്സരിച്ച ഏഴില്‍ നാല് പേരും വിജയം നേടി.
Content Highlight: Only three parties were able to win in the LDF.