2024ല്‍ 11 സീറ്റ്, 2026ലേക്കെത്തിയപ്പോള്‍ മൂന്ന്; 'ജയിച്ച സീറ്റിലും തോറ്റ്' ബി.ജെ.പി
Kerala News
2024ല്‍ 11 സീറ്റ്, 2026ലേക്കെത്തിയപ്പോള്‍ മൂന്ന്; 'ജയിച്ച സീറ്റിലും തോറ്റ്' ബി.ജെ.പി
ആദര്‍ശ് എം.കെ.
Tuesday, 5th May 2026, 7:14 pm

 

കോഴിക്കോട്: 2025 തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ 2026 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ ബി.ജെ.പി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ലീഡ് നേടാന്‍ സാധിച്ചപ്പോള്‍, അന്ന് ലീഡ് നേടിയ ഒറ്റ മണ്ഡലത്തിലും ഇത്തവണ എന്‍.ഡി.എക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.

എങ്കിലും ഇതില്‍ പെടാത്ത പുതിയ ഒരു മണ്ഡലത്തില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചു എന്നത് ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയ നേട്ടം തന്നെയാണ്. എന്നാല്‍ ഇത്തവണ വിജയം സ്വന്തമാക്കിയ നേമത്തും കഴക്കൂട്ടത്തും 2024ലെ വോട്ട് സമാഹരിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി ലോക്സഭയിലേക്കെത്തിയപ്പോള്‍ മണലൂര്‍, തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് ലീഡ് സമ്മാനിച്ചു.

മധ്യകേരളത്തില്‍ തൃശൂര്‍ ബി.ജെ.പിയെ തുണച്ചപ്പോള്‍ തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരമാണ് ആ റോള്‍ ഏറ്റെടുത്തത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. ആറ്റിങ്ങല്‍, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, നേമം, കാട്ടക്കട എന്നിവിടങ്ങളിലാണ് അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ലീഡ് നേടിയത്.

2024 പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍.ഡി.എക്ക് ലീഡ് സമ്മാനിച്ച മണ്ഡലങ്ങളിലെ 2026ലെ വോട്ടുവിഹിതം

മണ്ഡലം – 2024ലെ വോട്ടുകള്‍ – 2026ലെ വോട്ടുകള്‍ എന്നീ ക്രമത്തില്‍

മണലൂര്‍ – 61,196 – 38,125 (23,071 കുറവ്)

ഒല്ലൂര്‍ – 58,996 – 19,737 (39,259 കുറവ്)

തൃശൂര്‍ – 55,057 – 28,662 (26,395 കുറവ്)

നാട്ടിക – 66,854 – 45216 (21,629 കുറവ്)

ഇരിങ്ങാലക്കുട – 59,515 – 27,167 (32,348 കുറവ്)

പുതുക്കാട് – 62,635 – 28,018 (34,617 കുറവ്)

സമാനമാണ് തിരുവനന്തപുരം ജില്ലയിലെയും അവസ്ഥ. 2024നെ അപേക്ഷിച്ച് 2026ല്‍ വലിയ തോതില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് വിജയിച്ച രണ്ട് മണ്ഡലത്തിലും 2024ല്‍ പിടിച്ച വോട്ട് പെട്ടിയിലെത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.

2024 പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എന്‍.ഡി.എക്ക് ലീഡ് സമ്മാനിച്ച മണ്ഡലങ്ങളിലെ 2026ലെ വോട്ടുവിഹിതം

മണ്ഡലം – 2024ലെ വോട്ടുകള്‍ – 2025ലെ വോട്ടുകള്‍ എന്നീ ക്രമത്തില്‍

ആറ്റിങ്ങല്‍ – 52,448 – 45,788 (6,660 കുറവ്)

കഴക്കൂട്ടം – 50,444 – 46,564 (3,880 കുറവ്)

നേമം – 61,227 – 57,192 (4,035 കുറവ്)

കാട്ടാക്കട – 47,834 – 38,231 (9,603 കുറവ്)

വട്ടിയൂര്‍കാവ് – 53,025 – 37,213 (15,812 കുറവ്)

എന്നാല്‍ ചാത്തന്നൂരില്‍ അക്കൗണ്ട് തുറന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ വിജയമായാണ് അടയാളപ്പെടുത്തുന്നത്. 4,398 വോട്ടുകള്‍ക്ക് സി.പി.ഐയിലെ അഡ്വ. എ. രാജേന്ദ്രനെ പരാജയപ്പെടുത്തി ബി.ബി. ഗോപകുമാറാണ് വിജയം സ്വന്തമാക്കിയത്.

ആകെ പോള്‍ ചെയ്ത 1,34,323 വോട്ടുകളില്‍ 51,923 വോട്ടുകള്‍ ഗോപകുമാര്‍ സ്വന്തമാക്കി. അതായത് പോള്‍ ചെയ്ത വോട്ടുകളുടെ 39 ശതമാനം. ആര്‍. രാജേന്ദ്രന്‍ 47,525 വോട്ടുകളാണ് സമാഹരിച്ചത്.

കോണ്‍ഗ്രസിലെ സൂരജ് രവി 35,276 വോട്ട് നേടിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അരുണ്‍ ചാത്തന്നൂര്‍ 627 വോട്ടും ഡെമോക്രാറ്റിക് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടിക്കായി മത്സരിച്ച സിന്ധു പുത്തന്‍കുളം 428 വോട്ടുകളും നേടി.

 

Content highlight: BJP’s vote share in the 2024 parliamentary elections and 2026 assembly elections

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.