കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ ഇടതുപക്ഷം നേരിടുന്നത് ചരിത്രത്തിലില്ലാത്ത തകര്‍ച്ച.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, സി.പി.ഐ.എമ്മിന്റെ ഉരുക്കുകോട്ടകളായ പയ്യന്നൂരും തളിപ്പറമ്പും മാത്രമല്ല, ഒരുവേള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മ്മടം പോലും അവിശ്വസനീയമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു.

ആദ്യ അഞ്ച് റൗണ്ടുകള്‍ പിന്നിട്ടപ്പോഴും പിന്നിലായിരുന്ന മുഖ്യമന്ത്രി ആറാം റൗണ്ടിന് ശേഷമാണ് അല്‍പമെങ്കിലും സ്ഥിതി മെച്ചപ്പെടുത്തിയത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ നാമമാത്രമായ ലീഡില്‍ ഒതുങ്ങിയ മുഖ്യമന്ത്രിയുടെ പ്രകടനം പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരുന്നു.

ഒടുവില്‍ ധര്‍മടത്ത് 19247 വോട്ടിന് പിണറായി വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.പി അബ്ദുള്‍ റഷീദ് 66367 വോട്ട് നേടി.

ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ആറ് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ച കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തതാണ്.

ഇരിക്കൂറും കണ്ണൂരും പയ്യന്നൂരും പേരാവൂരും തളിപ്പറമ്പും യു.ഡി.എഫ് വിജയിച്ചു.

തളിപ്പറമ്പില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ രംഗത്തുവന്ന മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച്12551 വോട്ടിന്റെ  ലീഡുമായി വിജയിച്ചു .

പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി വിട്ട കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളി പയ്യന്നൂരിനെ വിറപ്പിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ഐ. മധുസൂദനന്‍ 7487 വോട്ടുകള്‍ക്ക് തോറ്റു.

മട്ടന്നൂരില്‍ എല്‍.ഡി.എഫിന്റെ വി.കെ സനോജ് 14000 വോട്ടിന്റെ ലീഡിന് വിജയിച്ചപ്പോള്‍ പേരാവൂരില്‍ 14000 വോട്ടിന് ശൈലജ ടീച്ചര്‍ പരാജയപ്പെട്ടു.

കല്യാശേരിയില്‍ എം.വിജിന്‍ 18433 വോട്ടിന് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ രാജീവന്‍ കപ്പാച്ചേരി പരാജയപ്പെട്ടു.

അഴീക്കോട് മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥി കെ.വി സുമേഷ് 349 വോട്ടിന് വിജയിച്ചു. തൊട്ടുപിന്നില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥി കരീം ചേളേരിയാണ്. 64602 വോട്ടാണ് അദ്ദേഹം നേടിയത്.

കണ്ണൂരില്‍ യു.ഡി.എഫിന്റെ അഡ്വ. ടി.ഒ. മോഹനന്‍ 18,530 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടെ കടന്നപ്പള്ളി രാമചന്ദ്രന്‍ 9,847 വോട്ടുകള്‍ക്ക് പിന്നിലായി.

തലശ്ശേരിയില്‍ ഇടതുപക്ഷത്തിന് ആശ്വാസം നല്‍കി കാരായി രാജന്‍ 20,523 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യു.ഡി.എഫിലെ സാജു കെ.പി (49,220 വോട്ട്), ബി.ജെ.പിയിലെ ഒ. നിധീഷ് (22,754 വോട്ട്) എന്നിവരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

കൂത്തുപറമ്പില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി പി.കെ. പ്രവീണ്‍ 1,286 വോട്ടുകള്‍ക്ക് വിജയിച്ചു. മുസ്‌ലിം ലീഗിലെ ജയന്തി രാജനെയാണ് പ്രവീണ്‍ പരാജയപ്പെടുത്തിയത്.

ജി. സുധാകരനും കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ഉയര്‍ത്തിയ തിരുത്തല്‍ വാദങ്ങളെ അണികള്‍ ഏറ്റെടുത്തു എന്നാണ് കണ്ണൂരിലെ വോട്ടിംഗ് ശൈലി സൂചിപ്പിക്കുന്നത്.

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ യു.ഡി.എഫ് തരംഗം നിയമസഭയിലും ആഞ്ഞടിച്ചപ്പോള്‍, സി.പി.എമ്മിന്റെ അപ്രമാദിത്വം തകരുന്ന കാഴ്ചയാണ് കാണുന്നത്.

അഴിമതി ആരോപണങ്ങളും, പാര്‍ട്ടിയിലെ ഏകാധിപത്യ പ്രവണതകളും, താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കണ്ണൂരില്‍ ചുവപ്പ് കോട്ടകള്‍ തകരാന്‍ കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ ഫലം കേരളത്തിലെ സി.പി.ഐ.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Content Highlight: The Left is facing an unprecedented collapse in Kannur district