റാണിഗഞ്ച് (ബംഗാള്‍): ബംഗാളിലെ റാണിഗഞ്ച്-അസന്‍സോള്‍ മേഖലയില്‍ അനധികൃത ഖനനം നിര്‍ത്തിയതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് എലിമാളം പോലെയുള്ള ഖനികളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.

3,500-ഓളം അനധികൃത ഖനികളാണ് അസന്‍സോളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അനധികൃത ഖനനം തടയാന്‍ തുടര്‍ച്ചയായി പരിശോധന നടത്തുന്നുണ്ടെന്ന് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡ് (ഇ.സി.എല്‍) വ്യക്തമാക്കിയിട്ടുണ്ട്.

35,000 പേര്‍ നേരിട്ടും 40,000 പേര്‍ അല്ലാതെയും ഖനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 80 മുതല്‍ 100 രൂപ വരെയുള്ള തുച്ഛമായ ദിവസക്കൂലിയാണ് ഖനിമാഫിയ നല്‍കുന്നത്. വ്യവസായവും കൃഷിയിടവുമില്ലാത്ത ഇവിടെ ഇവര്‍ക്ക് ഏക ആശ്രയവും ഖനിയിലെ തൊഴിലാണെന്നതും ചൂഷണം ചെയ്യാനുള്ള മാര്‍ഗമായി ഖനിമാഫിയ കാണുന്നു.

അതേസമയം അനധികൃത ഖനനത്തിലൂടെ ദിവസവും കോടികളുടെ ഇടപാടാണു നടക്കുന്നത്. സമാന്തര സമ്പദ്‌വ്യവസ്ഥയും ഖനിമാഫിയ സൃഷ്ടിച്ചെടുത്തു. ഖനികളില്‍ കൊല്ലപ്പെട്ടാല്‍ പ്രദേശവാസിയാണെങ്കില്‍ ഒരുലക്ഷം രൂപ നല്‍കും. ഇതരസംസ്ഥാനക്കാരാണെങ്കില്‍ അമ്പതിനായിരവും.

അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി മൂണ്‍ മൂണ്‍ സെന്നും മത്സരിക്കുന്നുണ്ട്. നാളെയാണ് ഇവിടെ വോട്ടെടുപ്പ്.