2023ലെ തന്റെ 50ാം ഗോള്‍ നേട്ടം ആഘോഷമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ഷബാബിനെതിരെ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ഈ വര്‍ഷത്തെ 50ാം ഗോള്‍ ആഘോഷമാക്കിയത്. അല്‍ നസറിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും വേണ്ടിയാണ് അദ്ദേഹം ഗോളുകള്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ 74ാം മിനിട്ടിലാണ് റൊണാള്‍ഡോ ഗോള്‍വല ചലിപ്പിച്ചത്. റൊണാള്‍ഡോ – ഒട്ടാവിയോ കൂട്ടുകെട്ടില്‍ പിറന്ന മുന്നേറ്റം ഷബാബ് ഗോള്‍ കീപ്പര്‍ കിം സോങ് ഗ്യൂവിനെ മറികടന്ന് വലയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഈ വര്‍ഷത്തെ 50ാം ഗോളാണ് റൊണാള്‍ഡോ നേടിയത്.

ഈ ഗോളിന് പിന്നാലെ താരത്തിന്റെ പുതിയ ഗോള്‍ സെലിബ്രേഷനും വൈറലാവുകയാണ്. റൊണാള്‍ഡോയെ പോലെ ലോകത്തെമ്പാടും ആരാധകരുള്ള Suiiiക്ക് പകരം പുതിയ രീതിയിലാണ് റൊണാള്‍ഡോ ഗോള്‍ നേട്ടം ആഘോഷിച്ചത്.

ഈ ഗോളിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘ഗ്രേറ്റ് വിക്ടറി. 2023ലെ എന്റെ 50ാം ഗോള്‍ നേട്ടം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നതില്‍ എറെ സന്തോഷവാനാണ്. ടീം അംഗങ്ങളുടെയും ആരാധകരുടെയും അചഞ്ചലമായ പിന്തുണക്ക് നന്ദി. ഈ വര്‍ഷം ഇനിയും ഗോളുകള്‍ നേടാനുള്ള സാധ്യതകളുണ്ട്,’ വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.