1,000 പ്രൊഫഷണല്‍ ഗോള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് ഒരടി കൂടി അടുത്ത് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഖോലൂദിനെതിരായ ഗോളിന് പിന്നാലെ കരിയറില്‍ 961 ഗോള്‍ പൂര്‍ത്തിയാക്കിയാണ് എല്‍ ബിച്ചോ കുതിക്കുന്നത്. മത്സരത്തില്‍ ഒരു ഗോളാണ് താരം സ്വന്തമാക്കിയത്.

കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അല്‍ നസറിന്റെ വിജയം. റോണോയ്ക്ക് പുറമെ മുഹമ്മദ് സിമാകന്‍, കിങ്‌സ്‌ലി കോമന്‍ എന്നിവരാണ് അല്‍ നസറിനായി ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ 47ാം മിനിട്ടില്‍ ജാവോ ഫെലിക്‌സിന്റെ അസിസ്റ്റിലാണ് താരം എതിരാളികളുടെ വലകുലുക്കിയത്. അല്‍ നസറിനായി താരത്തിന്റെ 117ാം ഗോളാണിത്.