മലയിടം തുരുത്തിലേത് കർണാടക മോഡൽ ബുൾഡോസിങ്, ജനകീയ പ്രക്ഷോഭമുണ്ടാകും: സി.പി.ഐ.എം
Kerala News
മലയിടം തുരുത്തിലേത് കർണാടക മോഡൽ ബുൾഡോസിങ്, ജനകീയ പ്രക്ഷോഭമുണ്ടാകും: സി.പി.ഐ.എം
ആദര്‍ശ് എം.കെ.
Wednesday, 20th May 2026, 8:22 pm

 

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ പൊലീസ് നടത്തിയത് ക്രൂരമായ കടന്നാക്രമണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

കർണാടകയിൽ കോൺ​ഗ്രസ് സർക്കാർ നടത്തിയ ബുൾസർ രാജ് രീതിതന്നെയാണ് മലയിടംതുരുത്തിലും ആവർത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“പാവപ്പെട്ട പട്ടികജാതി കുടുംബങ്ങൾ വർഷങ്ങളായി അവിടെ താമസിക്കുകയാണ്. അവരെ ബലം പ്രയോ​ഗിച്ച് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായി. അതിനെ അവ​ഗണിച്ച് ജനങ്ങളെ അറസ്റ്റ് ചെയ്തുനീക്കി. ഇതെല്ലാം കർണാടക മോഡലാണ്. ബുൾഡോസർ രാജ് ബി.ജെ.പിയാണ് തുടങ്ങിയതെങ്കിലും ബെം​​ഗളൂരുവിലെ യലഹങ്കയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കി,” അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി താമസിക്കുന്ന എട്ട് കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളിൽ നിന്നും പുറത്താക്കാനുള്ള ഇടപെടൽ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌. വീടുകളിൽ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതിയാണ്‌ കാണിച്ചിട്ടുള്ളത്‌.

നേരത്തെ എൽ.ഡി.എഫ്‌ സർക്കാർ അധികാരത്തിലിരുന്ന ഘട്ടത്തിൽ 14 തവണ പൊലീസ്‌ വന്നിട്ടുണ്ടെങ്കിലും യാതൊരു അക്രമവും ഉണ്ടായിരുന്നില്ല. യു.ഡി.എഫ്‌ സർക്കാർ അധികാരത്തിലേറി 48 മണിക്കൂറുകൾ കഴിയുമ്പോഴേക്കും പൊലീസ്‌ അക്രമകാരികളായി പാവപ്പെട്ടവരെ അക്രമിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

ജനങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ വന്ന സി.പി.ഐ.എം ഏരിയാ സെക്രട്ടറിയേയും, മറ്റ്‌ പ്രവർത്തകരേയും അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി. ഇവിടുത്തെ അക്രമത്തെ പുറംലോകത്തെ അറിയിച്ച പത്രപ്രവർത്തകരെ കോൺഗ്രസ്‌ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭരണത്തിന്റെ തണലിൽ പട്ടികജാതി വിഭാഗങ്ങൾ ഉൾപ്പെടേയുള്ള പാവങ്ങൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും.

മലയിടംതുരുത്തിലെ ജനങ്ങൾ ഒറ്റപ്പെട്ടവരല്ല, അവർക്കൊപ്പമാണ് സി.പി.ഐ.എം. പാവപ്പെട്ട ജനവിഭാ​ഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഫലപ്രദദമായ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

Content Highlight: CPIM on Malayidamthuruthu eviction

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.